ബീഹാറിൽ തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ

Spread the love

പാട്ന: ബീഹാറിൽ തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിപദം രാജിവെക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാ​ഗമാകുന്നതിനാണ് രാജി. ജെഡിയു-ബിജെപി സഖ്യത്തിൻ്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതിനിടെ, ബീഹാറിലെ കോൺ​ഗ്രസ് എംഎൽഎമാരും കൂറുമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലാലു യാദവിൻ്റെ നേതൃത്വത്തിലുള്ള ആർജെഡി ഉൾപ്പെടുന്ന മഹാസഖ്യ സർക്കാരിൽ നിന്ന് നിതീഷ് കുമാർ പിരിഞ്ഞ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ വീണ്ടും ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് രാജി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.അടച്ചിരിക്കുന്ന വാതിലുകൾ തുറക്കാൻ കഴിയുമെന്ന് ബിഹാർ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട സുശീൽ മോദി വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രീയത്തെ സാധ്യതകളുടെ കളി എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കുവാൻ തയ്യാറായില്ല.ജനുവരി 25ന് ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ നിതീഷ് കുമാറിൻ്റെ ‘കുടുംബ രാഷ്ട്രീയം’ സംബന്ധിച്ച പരാമർശത്തെ വിമർശിച്ച് എക്‌സിൽ ട്വീറ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് ജെഡിയുവും ആർജെഡിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ട്വീറ്റ് വിവാദമായതോടെ രോഹിണി ആചാര്യ തൻ്റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു.അതിനിടെ ബിഹാറിലെ ബിജെപിയുടെ പ്രവർത്തക സമിതി ഇന്ന് വിളിച്ചു ചേർക്കുകയാണ്. എല്ലാ ബിജെപി എംപിമാരോടും എംഎൽഎമാരോടും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ബിഹാർ ഇൻചാർജുമായ വിനോദ് താവ്‌ഡെയും യോഗത്തിൽ പങ്കെടുക്കും. അതേസമയം, ആർജെഡിയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *