ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്
ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്. നാഗ ദൈവങ്ങളുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇന്ന് മണ്ണാറശാല നാഗരാജാദേവ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ പൂയംതൊഴലോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുലാമാസത്തിലെ ആയില്യം നക്ഷത്രമായ ഇന്നാണ് പ്രധാനമായ ദിവസം. നാഗ ദൈവങ്ങളുടെ ഏറ്റവും പ്രാധാന്യമുള്ള നാളാണ് ആയില്യം. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നട തുറക്കുക.അനന്തന്റെയും വാസുകിയുടെയും ചൈതന്യം ഏകാത്മകമായി കുടികൊള്ളുന്ന ക്ഷേത്രമാണ് മണ്ണാറശാല. നിലവറയിൽ കുടികൊള്ളുന്ന അനന്തൻ അദ്വൈത ഭാവത്തിലാവുന്ന മുഹൂർത്തമാണ് ക്ഷേത്രത്തിൽ നിന്ന് ഇല്ലത്തേക്കുള്ള നാഗരാജാവിന്റെ ആയില്യം എഴുന്നള്ളത്ത്. പരമ്പരാഗതമായി സ്ത്രീകളാണ് ഇവിടെ പൂജാരി ആകുന്നത്. നിലവിൽ വലിയമ്മ സാവിത്രി അന്തർജനമാണ് പൂജാരിണി.സാവിത്രി അന്തർജനം പൂജാരിണിയായ ശേഷമുള്ള രണ്ടാമത്തെ തുലാം മാസ ആയില്യം ആണ് ഇന്ന് നടക്കുന്നത്. ഉമാദേവി അന്തർജനം 2023 ൽ സമാധി ആയതിനെ തുടർന്നാണ് സാവിത്രി അന്തർജനം പൂജാരിണിയായി ചുമതലയേറ്റത്. ഒരു വർഷത്തെ വ്രതദീക്ഷ പൂർണമാക്കിയതിനുശേഷം 2024 സെപ്റ്റംബർ അഞ്ചിനാണ് സാവിത്രി അന്തർജനം നാഗരാജപൂജ ആരംഭിച്ചത്.ഇന്ന് ഉച്ച പൂജയ്ക്ക് ശേഷം കുടുംബത്തിന്റെ കാരണവർ എംകെ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നിട്ടുള്ള തളത്തിൽ ആയില്യം പൂജയ്ക്ക് നാഗപത്മക്കളം ഒരുക്കും. തുടർന്ന് അമ്മ ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിച്ച ശേഷം കുത്ത് വിളക്കിലേക്ക് ദീപം പകരുകയും നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും അമ്മ കൈകളിലേറ്റുകയും ചെയ്യും. ഇല്ലത്തുവച്ച് വലിയമ്മയുടെ കാർമികത്വത്തിൽ ആയില്യം പൂജയും നൂറും പാലും സമർപ്പിക്കുന്ന ചടങ്ങുകളും നടക്കും. ആയില്യം നാളായ ഇന്ന് ഭഗവാൻ വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ചാർത്തുക. ഇന്ന് രാവിലെ 9 മണി മുതൽ നിലവറയ്ക്ക് സമീപം അമ്മ ഭക്തർക്ക് ദർശനം നൽകുന്നതായിരിക്കും.

