സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു

Spread the love

കക്കോടി: സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച വൈകീട്ടോടെ കക്കോടിയിലെ മകന്റെ വസതിയിലാണ് അന്ത്യം. ശവസംസ്‌കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയുള്ള പോരാട്ടങ്ങളില്‍ കണ്ണിയായി മാറാന്‍ സാധിച്ച സമരസേനാനികളിലൊരാളായിരുന്നു കക്കോടി സ്വദേശി കെ. ഉണ്ണീരി.ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമാവാന്‍ സാധിച്ചു. അക്കാലത്ത് രഹസ്യവിവരങ്ങള്‍ ഉദ്ദിഷ്ട സ്ഥാനത്തെത്തിക്കുക എന്ന ഉദ്യമമായിരുന്നു ഉണ്ണീരി ഏറ്റെടുത്തിരുന്നത്. അന്ന് അത് സാഹസികമായ കാര്യമായിരുന്നു. എല്ലാ തടസ്സങ്ങളെയും മറികടന്ന് തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റി. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് തിമര്‍ത്തുപെയ്യുന്ന മഴയില്‍ നനഞ്ഞ് കക്കോടിയില്‍നിന്ന് കോഴിക്കോട്ടേക്ക് ജാഥയായി പോയി. ഹജൂരാപ്പീസിനുമുന്നിലുള്ള മൈതാനിയില്‍ പതാകയുയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തു.ഹരിജനോദ്ധാരണവും സ്വാതന്ത്ര്യസമരപ്രവര്‍ത്തനവും ലക്ഷ്യമിട്ട് 1934-ല്‍ കോഴിക്കോട്ടെത്തിയ ഗാന്ധിജിയെ അടുത്തുനിന്ന് ഒരു നോക്കുകാണാന്‍ ഭാഗ്യം ലഭിച്ചു. ഉണ്ണീരിയുടെ ഭാര്യ: പരേതയായ ജാനു. മക്കള്‍: പ്രേമലത, പുഷ്പലത, ഹേമലത, സ്നേഹലത, റീന, വിനോദ് കുമാര്‍, ബിന്ദു. മരുമക്കള്‍: രവീന്ദ്രന്‍, അശോകന്‍, കൃഷ്ണന്‍, ബാബു, മോഹന്‍രാജ്, സ്മൃതി, മനോജ്.

Leave a Reply

Your email address will not be published. Required fields are marked *