വയനാടിനെ ഭീതിയിലാഴ്ത്തി കാടിറങ്ങിയ കരടി ജനവാസമേഖലയിൽ സഞ്ചാരം തുടരുന്നു
വയനാട്: കാടിറങ്ങി ജനവാസ മേഖലയിൽ എത്തിയ കരടിയുടെ സഞ്ചാരം തുടരുന്നു. ഏറെ അവശനാണെങ്കിലും വനം വകുപ്പിനും നാട്ടുകാർക്കും പിടിതരാതെയാണ് കരടിയുടെ സഞ്ചാരം. നിലവിൽ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ, കരിങ്ങാരി മേഖലകളിലൂടെയാണ് കരടി വിന്യസിക്കുന്നത്. ഇന്നലെ കരിങ്ങാലിയിലെ നെൽപ്പാടത്തും തോട്ടത്തിലും കരടിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് മയക്കുവെടി വയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, വനം വകുപ്പിന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തി, മറ്റൊരിടത്തേക്ക് കരടി വേഗത്തിൽ ഓടി മറിയുകയായിരുന്നു.ഇന്നലെ ഇരുട്ട് വീഴുന്നത് വരെ കരടിക്ക് പിറകെ വനം വകുപ്പ് ഉണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിലാണ് കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഈ മേഖലയുടെ വിവിധ ഭാഗങ്ങളിലൂടെ കരടി സഞ്ചരിക്കുകയായിരുന്നു. ഏകദേശം 300 കിലോമീറ്റലധികം ദൂരമാണ് കരടി പിന്നിട്ടിരിക്കുന്നത്. ഈ മേഖലയിൽ കൂടുതലായും വയലുകൾ ആയതിനാൽ കരടിയെ മയക്കുവെടിവെച്ച് പിടികൂടുക എന്നത് തന്നെയാണ് പ്രധാന പോംവഴി. നിലവിൽ, പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.