വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍
കാസര്‍കോട്: വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാസര്‍കോട് ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടന വേദിയിലായിരുന്നു സംഭവം.മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്താണ് അനൗണ്‍സ്‌മെന്റ് വന്നത്. ഉപഹാര സമര്‍പ്പണം സംബന്ധിച്ചായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ് വന്നോ. അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. ഇതൊന്നും ശരിയായ ഏര്‍പ്പാടല്ല. ഞാന്‍ സംസാരിച്ച് അവാസാനിപ്പിച്ചാലല്ലേ അനൗണ്‍സ് ചെയ്യേണ്ടത്’- എന്നും പറഞ്ഞ് മുഖ്യമന്ത്രി വേദിയില്‍ ഇരിക്കാന്‍ തയ്യാറാകാതെ ഇറങ്ങിപ്പോവുകയായിരുന്നു.