ഏകദിന ലോകകപ്പ്: പാകിസ്ഥാനെ പേടിച്ചിട്ടാണ് ഇന്ത്യ ചെന്നൈയിൽ കെണിയൊരുക്കിയത്, സെമിയിൽ എത്തിയാൽ കണക്ക് തീർക്കുമെന്ന് അറിയാം; മുഹമ്മദ് ഹഫീസ് പറഞ്ഞതിന് വിമർശനം
ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസ് രംഗത്ത്. 2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പാക്കിസ്ഥാന് ഉപയോഗിച്ച പിച്ച് മനഃപൂർവം നൽകിയത് ആണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന് ഉപയോഗിച്ച ട്രാക്ക് അതേ വേദിയിൽ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ മത്സരത്തിനായി വീണ്ടും ഒരുക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.ഓസ്‌ട്രേലിയ 199 റൺസിന് പുറത്തായ മത്സരത്തിൽ ഇന്ത്യയും ലക്ഷ്യം പിന്തുടരുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. “പാകിസ്ഥാനെ കുടുക്കാനാണ് ഉപയോഗിച്ച ട്രാക്ക് തന്നെ നല്കാൻ പോകുന്നത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരത്തിനിടെ ഉപയോഗിച്ച പിച്ച് പാകിസ്ഥാന്റെ മത്സരത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പാകിസ്താനെ കുടുക്കുക എന്നത് മാത്രമാണ് ബിസിസിഐയുടെ ലക്‌ഷ്യം ”അദ്ദേഹം പറഞ്ഞു.ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ നിന്ന് പാകിസ്ഥാൻ വിട്ടുനിൽക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പരോക്ഷമായി പറഞ്ഞു. ഇന്ത്യയുമായി പരാജയപെട്ടതിന് ശേഷം പാകിസ്താനിലെ പല മുൻ താരങ്ങളും പരിശീലകനും ന്യായീകരണങ്ങളും വാദങ്ങളും നിരത്തി രംഗത്ത് എത്തിയിരുന്നു.ഹഫീസ് മത്സരത്തിന് മുമ്പുപറഞ്ഞ ഈ വാചകങ്ങൾ അയാൾക്ക് തന്നെയാണ് പാര ആയിരിക്കുന്നത് . സ്പിൻ കളിക്കാൻ ഒട്ടും അറിയാത്തത് ആരുടെ പ്രശ്നം ആണെന്ന് ആരാധകർ ചോദിക്കുന്നു? ഇന്ത്യ എങ്ങനെയാണ് അഫ്ഗാനിസ്ഥാൻ സ്പിന്നറുമാരെ നേരിട്ടത് എന്നത് കണ്ടുപഠിക്കാനും പറയുന്നു. മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. റഹ്മാനുള്ള ഗുർഭാസിന്റെയും (65) ഇബ്രാഹിം സർദാന്റെയും (87) ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന് വിജയം അനായാസമാക്കി കൊടുത്തത്.ലോകോത്തര ബോളറുമാർ എന്ന വിശേഷണം അർഹിക്കുന്ന പാകിസ്ഥാൻ പട ഈ ലോകകപ്പിൽ ഒന്നും അല്ലാതെ ആയി പോകുന്നത് ഇന്നലെയും കണ്ടു. സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് പാകിസ്ഥാൻ പേസറുമാരെ അഫ്ഗാൻ നേരിട്ടത്. ചുരുക്കി പറഞ്ഞാൽ കളിക്കാൻ അറിയാത്തത് ആണ് പ്രശ്നം. അല്ലാതെ ഒന്നും അല്ലെന്നും ആരാധകർ ഓർമിപ്പിക്കുന്നു.