റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍. സുരക്ഷയുടെ ഭാഗമായി ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്‌കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചു. തീവ്രവാദികള്‍, ക്രിമിനലുകള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍ ഇവ ഉപയോഗിച്ച് പൊതുജനങ്ങളുടെയും പ്രമുഖരുടെയും പ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഈ മാസം 18 മുതല്‍ ഫെബ്രുവരി 15 വരെ ഉത്തരവ് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്‌ഫോമുകള്‍ പറത്തുന്നത് ഡല്‍ഹി പോലീസ് നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.ഇത് കൂടാതെ റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാല്‍ ജനുവരി 19 മുതല്‍ 26 വരെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.20നും ഉച്ചയ്ക്ക് 12.45നും ഇടയില്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ സമയം വിമാനത്താവളത്തിലേക്ക് വിമാനം എത്തുകയോ പുറപ്പെടുകയോ ചെയ്യില്ലെന്നും എക്സിലെ ഒരു പോസ്റ്റില്‍ അധികൃതര്‍ വ്യക്തമാക്കി.