യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
തിരുവനനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. ഈ മാസം 21 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാവിലെ അറസ്റ്റിലായ രാഹുലിനെ രണ്ട് തവണ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് ജയിലിലേക്ക് അയയ്ക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വീണ്ടും മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള ആരോഗ്യ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.സംഘര്‍ഷത്തിനിടെ പരിക്കേറ്റ രാഹുല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ വിവരങ്ങള്‍ പരിശോധിക്കാനായിരുന്നു കോടതി നിര്‍ദേശം. അതിനിടെ, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്യട്ടേയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തുടങ്ങിയിട്ടല്ലേയുള്ളൂവെന്നും വ്യക്തമാക്കി. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമകേസിലാണ് കന്റോണ്‍മെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തി പുലര്‍ച്ചെയാണ് കസ്റ്റഡിയില്‍ എടുത്തത്. കൊടുംക്രിമിനലിനെ പോലെ കസ്റ്റഡിയിലെടുത്തതിനെതിരേ സംസ്ഥാന വ്യാപകമായി ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നിരുന്നു.നവകേരള സദസ്സിനുനേരെ നടന്ന പ്രതിഷേധങ്ങളെ പോലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബര്‍ 20-ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എം. വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്.