സംസ്ഥാന സ്കൂൾ കലോത്സവം : ഇന്ന് അരങ്ങിൽ 54 മത്സരങ്ങൾ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സ്വർണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ഇക്കുറി മലബാർ ജില്ലകൾ തമ്മിലാണ് ആവേശ കൊള്ളിക്കുന്ന മത്സരങ്ങൾ നടക്കുന്നത്. ഏറ്റവും ഒടുവിലെ പോയിന്റ് നില അനുസരിച്ച്, 674 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിലായി കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമുള്ള പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇരു ജില്ലകൾക്കും 663 പോയിന്റാണ് ഉള്ളത്. ഇന്ന് അരങ്ങ് കീഴടക്കാൻ 54 മത്സരങ്ങളാണ് എത്തുന്നത്.ജനപ്രിയ ഇനങ്ങളായ ഹൈസ്കൂൾ വിഭാഗം സംഘം നൃത്തം, നാടകം, മിമിക്രി തുടങ്ങിയവയെല്ലാം ഇന്ന് വേദി കീഴടക്കും. ഞായറാഴ്ചയായതിനാൽ വലിയ കാഴ്ചക്കാരുടെ പങ്കാളിത്തവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുംതോറും വലിയ രീതിയിലുള്ള ജനസാഗരമാണ് കലോത്സവ വേദികളിൽ ഉണ്ടായിരിക്കുന്നത്. നാളെ വൈകിട്ട് വൈകിട്ട് 5:00 മണിക്കാണ് കലോത്സവത്തിന്റെ കൊടിയിറങ്ങുക. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടി മുഖ്യാതിഥിയാകും. മന്ത്രി വി.ശിവൻകുട്ടി പ്രതിഭകളെ ആദരിക്കുന്നതാണ്.