നീതി ആയോഗ് ഉപാധ്യക്ഷന്‍ സുമന്‍ കുമാര്‍ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: നീതി ആയോഗ് ഉപാധ്യക്ഷന്‍ സുമന്‍ കുമാര്‍ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം രാജ്യപുരോഗതിയില്‍ പ്രധാനപ്പെട്ടതാണെന്നു കൂടിക്കാഴ്ചയില്‍ ഉപാധ്യക്ഷന്‍ പറഞ്ഞു.സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. പശ്ചാത്തല വികസന മേഖലയില്‍ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നും ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടങ്ങിയ വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിലും ലോകനിലവാരമുള്ള ഗതാഗത പദ്ധതികള്‍ നടപ്പാക്കുന്നതിലും വലിയ തോതില്‍ മുന്നോട്ടു പോകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യംവച്ചു 2016ല്‍ കിഫ്ബി മുഖേന വന്‍കിട വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുകയാണ്. ഇതിന്റെ പേരില്‍ 2021 മുതല്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കുറവു വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസമുണ്ടാകുന്നു. ഇത് സംസ്ഥാനത്തു സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

