കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്ന് നാടിന് സമർപ്പിക്കും
കാസർകോട്: ഉപരിതല ഗതാഗത രംഗത്ത് കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്ന് നാടിന് സമർപ്പിക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനം കാസർകോടാണ് നടക്കുക. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നതിൽ പ്രധാനപ്പെട്ടത്.കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ വൈകീട്ട് നാല് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. പാലം നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് മാസങ്ങളായി. ഇതിനുശേഷമാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. പള്ളിക്കരയിൽ മേൽപ്പാലം തുറന്നതോടെ ദേശീയപാത 66ൽ കന്യാകുമാരിക്കും മുംബൈയ്ക്കുമിടയിലെ അവസാന റെയിൽവേ ഗേറ്റാണ് ഓർമയാകുന്നത്.ദേശീയപാത 66ലെ ഏക റെയിൽവേ ക്രോസായിരുന്നു പള്ളിക്കരയിലേത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കാസർകോട് മേൽപ്പാലം നിർമിച്ചത്. 68 കോടി രൂപ ചെലവിട്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത് 780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമുള്ള നാലുവരിപ്പാതയാണിത്. എട്ടു തൂണുകളിലായി സ്ഥാപിച്ച 26 ഗർഡറുകളാണ് പാലത്തിനുള്ളത്.ഇരുഭാഗത്തും സര്‍വീസ് റോഡുകളും അണ്ടര്‍ പാസേജും ഉള്‍പ്പെടെയാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ഏറെ നാളത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് കാസർകോട്ടെ മേൽപ്പാലം യാഥാർഥ്യമായത്. മേൽപ്പാലത്തിനൊപ്പം ഭാരത് പരിയോജനയിൽപ്പെടുത്തി സംസ്ഥാനത്ത് നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും നിതിൻ ഗഡ്കരി നിർവഹിക്കും.ചെറുതോണി പാലത്തിന്‍റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്‍റെയും ഉദ്ഘാടനവും ഇന്ന് നടക്കും. കാസർകോട്ടെ ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മന്ത്രി ഇവ ഉദ്ഘാടനം ചെയ്യുക. 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായാണ് ചെറുതോണി പാലം നിർമിച്ചത്. 120 മീറ്റർ നീളമുണ്ട് പാലത്തിന്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതി.മുന്നാര്‍ – ബോഡിമേട്ട് റോഡ് കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്റർ നീളുന്നതാണ്. 382 കോടി രുപയാണ് നിർമാണത്തിന് ചെലവായത്. ഇതിനൊപ്പം വണ്ടിപെരിയാര്‍ പാലത്തിന്‍റെ ഉദ്ഘാടനവും ഇന്ന് നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ ഡോ. വി കെ സിങ്, വി മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.