മകരവിളക്ക് മഹോത്സവം വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്

Spread the love

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നൂറോളം ഫോറസ്റ്റ് ഓഫീസർമാരെ സന്നിധാനത്ത് വിന്യസിച്ച് കേരള വനം വകുപ്പ്. റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പമ്പ മുതൽ സന്നിധാനം വരെ നാല് ഇടങ്ങളിലായി സ്നേക്ക് റെസ്ക്യൂ ടീമുകൾ, എലിഫന്റ് സ്ക്വാഡ്, ഫോറസ്റ്റ് വാച്ചർസ്, പ്രൊട്ടക്ഷൻ വാച്ചർസ്, ആംബുലൻസ് സർവീസ്, ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്ക്കറ്റും നൽകാൻ സ്പെഷ്യൽ ടീം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ എന്നിവരെ പുൽമേട് മുതൽ സന്നിധാനം വരെ വിന്യസിച്ചിട്ടുണ്ട്. ഈയിടങ്ങളിൽ ഭക്തർക്ക് വെള്ളവും ഭക്ഷണവും നൽകുവാനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്, 250-ൽ പരം ആരോഗ്യ അസ്വാസ്ഥ്യം നേരിട്ട ഭക്തരെ വിവിധ ഭാഗങ്ങളിൽ പമ്പയിൽ എത്തിച്ചു. ആവശ്യമെങ്കിൽ എൻ ഡി ആർ എഫ് സേനയുടെ സഹായം തേടും, ഭക്തർക്ക് മിതമായ നിരക്കിൽ ലഘു ഭക്ഷണ ശാലകൾ വനം വകുപ്പ് ഫോറസ്റ്റ് എക്കോ ഷോപ്പ് എന്ന പേരിൽ ലഭ്യമാണ്. ഇത്തരത്തിൽ വിപുലമായ സംവിധാനങ്ങൾ ആണ് പമ്പ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ രാജീവ് രഘുനാഥ് അറിയിച്ചു. *തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ* 1, മകരജ്യോതി ദർശിക്കാനായി ഭക്തർ വനത്തിനുള്ളിൽ ടെന്റുകൾ സ്ഥാപിച്ച് ദിവസങ്ങളോളം താമസിച്ചു വരുന്നത് പല വർഷങ്ങളായി കണ്ടുവരുന്നതാണ്. ഒരു കാരണവശാലും അത്തരം സമീപനം ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. തുടർ ദിവസങ്ങളിൽ വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടാകുന്നതാണ്. വനത്തിനുള്ളിൽ അനധികൃതമായി നിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.2, മകരജ്യോതി ദർശിക്കാനായി മരങ്ങളിൽ കയറിയിരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.3, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ ഒരിക്കലും കാനന പാതകൾ സ്വീകരിക്കാൻ പാടില്ല4, ശബരിമല ഒരു കാനന തീർഥാടന കേന്ദ്രമാണ് അതിനാൽ ഭക്തർ സ്വയം ജാഗ്രത പാലിച്ച് തീർത്ഥാടനം നടത്തുക.5, വഴിയിൽ കാണുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുകയോ, അവയുടെ അടുത്തേക്ക് പോകുകയോ ചെയ്യരുത്.6, ചെങ്കുത്തായ ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക.7, കൃത്യമായുള്ള വഴികളിൽ കൂടെ മാത്രം ശബരിമലയിലേക്ക് എത്തുക.8, ഭക്തർ വനത്തിന് ഉള്ളിലേക്ക് കയറി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാതിരിക്കുക.9, ഹോട്ടലുകളിൽ നിന്നുമുള്ള വേസ്റ്റ് വനത്തിൽ നിക്ഷേപിക്കാൻ പാടുള്ളതല്ല.10, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ചില്ലു കുപ്പികളും വനത്തിൽ ഉപേക്ഷിക്കുന്നത് മൂലം വന്യജീവികൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരത്തിലുള്ള സാധനങ്ങൾ വനത്തിലേക്ക് വലിച്ചെറിയാതിരിക്കുക. *തിരക്ക് നിയന്ത്രിക്കാൻ 100 ആപ്തമിത്ര വളണ്ടിയർമാരെ നിയോഗിച്ചു.* *എക്സിക്യൂട്ടിവ് ഓഫീസർ* മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ക്രമാതീതമായി അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാനായി ദേവസ്വം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആപ്തമിത്ര പദ്ധതിയിലുടെ 100 വോളണ്ടിയർമാരെ നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചതായി ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ പറഞ്ഞു.ഇതിന് പുറമേ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 36 ഇടങ്ങളിൽ ക്രമീകരണങ്ങൾ പരിശോധന നടത്തി ഉറപ്പ് വരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി നിയോഗിച്ചു.. ആപ്തമിത്ര വളണ്ടിയർമാരുടെ സേവനം:ഡിസംബർ 31 മുതൽ തുടങ്ങി കഴിഞ്ഞു. ജനുവരി 30 വരെ ഇവരുടെ സേവനം ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.. *24 മണിക്കൂറും ജല വിതരണം ഉറപ്പാക്കി ജലവിഭവവകുപ്പ്* മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും നിലയ്ക്കാത്ത ജല വിതരണവുമായി കേരള ജല വിഭവ വകുപ്പ്. ത്രിവേണിയിൽ നിന്നും ശരംകുത്തി വരെ ആവശ്യമായ ജലവിതരണം കേരള ജല അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്. ശരംകുത്തിയിൽ നിന്നും സന്നിധാനത്തിലെ ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് 50 ലക്ഷം ലിറ്റർ വെള്ളം കൃത്യമായ ഇടവേളകളിൽ നിറച്ചു കൊണ്ടിരിക്കും. മണിക്കൂറിൽ 35000 ലിറ്റർ കുടിവെള്ളം പമ്പ മുതൽ സന്നിധാനം വരെ 106 കിയോസ്‌ക്കുകളിലൂടെ ഭക്തർക്ക് എത്തിക്കും. നിലക്കലിലേക്ക് പമ്പയിൽ നിന്നും ടാങ്കർ ലോറികൾ വഴി ദിവസവും 2000 കിലോ ലിറ്റർ വെള്ളം നിലക്കലിലെ ആവശ്യങ്ങൾക്കായി എത്തിക്കുമെന്നും പമ്പ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *