യുപിയിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അഭിഭാഷകനെ സെക്യൂരിറ്റി ജീവനക്കാരൻ വെടിവച്ചുകൊന്നു
യുപിയിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അഭിഭാഷകനെ സെക്യൂരിറ്റി ജീവനക്കാരൻ വെടിവച്ചുകൊന്നു. വാരണാസിയിൽ പുതുവർഷപാർട്ടിക്കിടെയാണ് സംഭവം. 36കാരനായ രഘുവേന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്.രഘുവേന്ദ്ര സിങ് തന്നെ മുമ്പും ജാതി അധിക്ഷേപം നടത്തിയെന്നും സംഭവദിവസവും ജാതിയധിക്ഷേപം നടത്തിയെന്നും ഇതിൽ പ്രകോപിതനായാണ് രഘുവേന്ദ്രയെ വെടിവച്ചതെന്നും സെക്യൂരിറ്റി ഗാർഡ് ആയ അർധേന്ദു ശേഖർ ത്രിപാദി പൊലീസിനോട് പറഞ്ഞു. അർധേന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സുരക്ഷാ കമ്പനിയാണ് പുതുവർഷ പാർട്ടി നടത്തിയത്. കമ്പനി ഉടമയുടെ സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെയാണ് പാർട്ടിയിൽ പങ്കെടുത്തത്.2008 മുതൽ താൻ സുരക്ഷാ കമ്പനിയിൽ ജോലി ചെയ്തുവരികയാണെന്നും കമ്പനിയിലെ സ്ഥിരം സന്ദർശകനായ അഭിഭാഷകൻ തന്നെ എപ്പോഴും ജാതി അധിക്ഷേപം നടത്തിയിരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. പുതുവർഷപാർട്ടിക്കിടെ രഘുവേന്ദ്ര സിങ് ജാതിയധിക്ഷേപം നടത്തിയതോടെ അർധേന്ദു ഇതുചോദ്യംചെയ്തു. വഴക്കിനിടെ അർധേന്ദു അഭിഭാഷകനെ വെടിവച്ചു. ഉടൻ തന്നെ രധുവേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.