ശബരിമലയിൽ ഇക്കുറിയും കോടികൾ വരുമാനം
പത്തനംതിട്ട: മണ്ഡലകാല വരുമാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ദേവസ്വം ബോർഡ്. ഇക്കുറി ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 18.72 കോടി രൂപയുടെ അധിക വരുമാനമാണ് രേഖപ്പെടുത്തിയത്. 241,71,21,711 രൂപയാണ് മണ്ഡലകാലത്തെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 222,98,70,250 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പുറത്തുവിട്ട 39 ദിവസത്തെ നടവരവ് കണക്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 18.67 കോടി രൂപയുടെ കുറവുണ്ടായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചിട്ടും വരുമാനം കുറഞ്ഞത് ഏറെ ചർച്ചയായിരുന്നു.കുത്തക ലേലത്തുക ഉൾപ്പെടുത്താതെയാണ് ദേവസ്വം ബോർഡ് നടവരവ് കണക്കുകൾ പുറത്തുവിട്ടത്. പിന്നീട് കുത്തക ലേലത്തുക കൂടി ചേർത്ത് വരുമാനം പൂർണമായി പ്രഖ്യാപിക്കുകയായിരുന്നു. കുത്തക ലേലം വഴി 37.40 കോടി രൂപയാണ് ലഭിച്ചത്. കാണിക്കയായി ലഭിച്ച നാണയങ്ങൾ, നിലയ്ക്കലിലെ പാർക്കിംഗ് ഫീസ് എന്നിവയിൽ നിന്നുള്ള വരുമാനം കൂടി ഇനി പരിഗണിക്കേണ്ടതുണ്ട്. ഇവ മുഴുവനും ചേർക്കുമ്പോൾ ആകെ വരുമാനത്തുക ഇനിയും കൂടുമെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കി.