വി.സി നിയമനം : ഗവർണറോട് സഹകരിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സ്ഥിരം വി.സി.മാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലകള്‍ക്ക് കത്തയച്ചതോടെ ഹൈക്കോടതിവിധി നിര്‍ണായകമായി. ഗവര്‍ണറുടെ ആവശ്യത്തോടു തത്കാലം സഹകരിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍വകലാശാലാ വി.സി.മാരെ നിയമിക്കുന്നതില്‍ നിയമസഭ പുതിയ നിയമം പാസാക്കിയിട്ടുണ്ടെന്നും ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നുമാണ് വാദം.സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ചേര്‍ന്ന് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതാണ് രീതി. സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കേ, സി.പി.എം. ഭൂരിപക്ഷമുള്ള സെനറ്റുകള്‍ അതിനു മുതിരില്ല. അതേസമയം, ചാന്‍സലറുടെ ആവശ്യത്തോട് സര്‍വകലാശാലകള്‍ക്ക് പ്രതികരണം അറിയിക്കേണ്ടി വരും. അതിനായി, പല സര്‍വകലാശാലകളും നിയമോപദേശം തേടിയിട്ടുണ്ട്.വി.സി. പദവികളില്‍ തത്സ്ഥിതി തുടരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദേശം വന്നെങ്കില്‍മാത്രമേ സര്‍ക്കാരും സി.പി.എം. ഭൂരിപക്ഷമുള്ള സര്‍വകലാശാലാ സെനറ്റുകളും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. വി.സി.മാരെ നിയമിക്കാന്‍ നിര്‍ദേശംനല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി ജനുവരി 12-നു പരിഗണിക്കും.വി.സി. നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്നും പ്രൊ ചാന്‍സലറായ മന്ത്രി ഉള്‍പ്പെടെ ആരും അതില്‍ ഇടപെടരുതെന്നും കണ്ണൂര്‍ വി.സി. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ വിധി പ്രസ്താവിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.ഇതിന്റെ പിന്‍ബലത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങള്‍. നിയമസഭ പാസാക്കിയ പുതിയ ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതിനാല്‍ അതിനു നിയമപ്രാബല്യമായിട്ടില്ല. അതിനാല്‍, വി.സി. നിയമനത്തില്‍ ഇപ്പോഴുള്ള നിയമമാണ് ബാധകമാവുക. അതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിധിപറയുമെന്നാണ് ഹര്‍ജിക്കാരുടെയും ചാന്‍സലറുടെയും പ്രതീക്ഷ.കേരള, എം.ജി., കുസാറ്റ്, കെ.ടി.യു., ഫിഷറീസ്, കണ്ണൂര്‍, കാര്‍ഷികം എന്നീ എട്ടു സര്‍വകലാശാലകളില്‍ സ്ഥിരം വി.സി.മാരില്ല. നിയമ സര്‍വകലാശാലയിലും സ്ഥിരം വി.സി.യില്ല. പക്ഷേ, ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അവിടെ നിയമനാധികാരി.