വണ്ടിപ്പെരിയാർ കേസ് : സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകി
കൊച്ചി : വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ടത്തിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്‍കി. ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി വിധിക്ക് എതിരെയാണ് ഹര്‍ജി. കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിന് അഭിമാനപരമായ കാര്യങ്ങളല്ല നടന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് ബോധപൂര്‍വമായ വീഴ്ച സംഭവിച്ചെന്നും ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മരിച്ച കുട്ടിയുടെ പിതാവും നേരത്തെ പറഞ്ഞിരുന്നു.ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് പ്രതിയാക്കിയ അര്‍ജുനെ വെറുതെ വിട്ട കോടതി, കേസന്വേഷത്തിലെ പോരായ്മകളെ സംബന്ധിച്ച് ഗുരുതരമായ കാര്യങ്ങളാണ് വിധിപ്രസ്താവത്തില്‍ എണ്ണിപറഞ്ഞത്. ശാസ്ത്രീയമായി ഒരുതെളിവും ശേഖരിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അലംഭാവം കാട്ടിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടുവെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വിധിയില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് പ്രോസിക്യൂഷനും പൊലീസും വാദിക്കുന്നത്.