സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം : നിയമോപദേശം തേടി ഗവർണർ ഹൈക്കോടതിയെ സമീപിക്കും
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി. ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ നിയമിച്ച ഒമ്പത് സെനറ്റ് അംഗങ്ങളെ സംഘപരിവാർ ബന്ധം ആരോപിച്ചാണ് എസ്എഫ്‌ഐ തടഞ്ഞത്. സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ നടപടി. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചപ്പോൾ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെ ഗേറ്റിന് പുറത്ത് എസ്എഫ്‌ഐ തടഞ്ഞു. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് എസ്എഫ്‌ഐ പ്രവേശിപ്പിച്ചത്. പൊലീസ് എസ്എഫ്‌ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.