സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം : പൊലീസ് വാഹനം തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കന്റോണ്മെന്റ് എസ്‌ഐയ്ക്ക് പരുക്ക്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തകര്‍ത്തു. ആക്രമണത്തില്‍ കന്റോണ്മെന്റ് എസ്‌ഐ ദില്‍ജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പതിവിനു വിരുദ്ധമായി പൊലീസ് പലപ്പോഴും സംയമനം പാലിച്ചു.സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്താകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസിനെ പ്രവര്‍ത്തകര്‍ പട്ടിക കൊണ്ട് അടിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പൊലീസിനു നേര്‍ക്ക് കല്ലെറിഞ്ഞു. പൊലീസ് കല്ല് തിരിച്ചെറിഞ്ഞു. ഇതിനു പിന്നാലെ പൊലീസ് ലാത്തി വീശി. എന്നാല്‍ ലാത്തി പിടിച്ചുവാങ്ങി ചിലര്‍ പൊലീസിനെ തിരിച്ചടിച്ചു. ചിതറിയോടുന്നതിനിടെ ചില പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ഇതിനിടെ പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. പിന്നാലെ, വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ ഇരു കൂട്ടരും തമ്മില്‍ കയ്യേറ്റമുണ്ടായി. ലാത്തി ചാര്‍ജിനിടെ ചില പ്രവര്‍ത്തകര്‍ കടകളില്‍ കയറി ഒളിച്ചു. ചിലര്‍ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ഓടിക്കയറി. ഇവരെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വനിതാ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരില്‍ പലരെയും രാഹുല്‍ മാങ്കൂട്ടത്തിലും വിഡി സതീശനും ചേര്‍ന്ന് മോചിപ്പിച്ചു. വനിതാ പ്രവര്‍ത്തകരെയടക്കം ഇവര്‍ മോചിപ്പിച്ചു. മുറിയ്ക്കുള്ളില്‍ പൊലീസ് പ്രവര്‍ത്തകരെ പൂട്ടിയിട്ടു എന്ന് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്‌തെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ കാര്യം ആവശ്യപ്പെട്ടു. ഈ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് പ്രകടനവുമായി പോയി. വിഡി സതീശനും ഇവര്‍ക്കൊപ്പമുണ്ട്. പൊലീസ് സംയമനം പാലിച്ചു എന്നതിനോട് സതീശന്‍ വിയോജിച്ചു. പെണ്‍കുട്ടികളെയാണ് ആക്രമിച്ചത്. അതിനെതിരെ വീണ്ടും സമരങ്ങളുണ്ടാവുമെന്നും സതീശന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *