സംസ്ഥാനത്ത് വീണ്ടും ഭീതി പരത്തി കോവിഡ് കേസുകൾ
തിരുവനന്തപുരം: നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും ഭീതി പരത്തി കോവിഡ് കേസുകൾ. നിലവിൽ, ആയിരത്തിലധികം ആളുകളാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സ തേടിയിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് കുന്നുമ്മൽ സ്വദേശി കളിയാട്ട് പറമ്പത്ത് കുമാരൻ (77), കണ്ണൂർ പാനൂർ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസകോശ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം ആളുകളും ചികിത്സ തേടിയിരിക്കുന്നത്. നിലവിൽ, സംസ്ഥാനത്ത് 1,324 പേർക്ക് കോവിഡ് പോസിറ്റീവാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം, ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകൾ കോവിഡ് തിരിച്ചറിയാതെ പകർച്ച പനിക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്ക്.കോവിഡ് പോസിറ്റീവായവരിൽ ഏറ്റവും പുതിയ വകഭേദമായ ജെ.എൻ വൺ ആണ് കണ്ടെത്തിയിട്ടുള്ളത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും, ഗർഭിണികളും, കുട്ടികളും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. കോവിഡ് കേസുകൾക്ക് പുറമേ, സംസ്ഥാനത്ത് ഡെങ്കി, എലിപ്പനി എന്നിവയും അതിവേഗത്തിൽ പടർന്നുപിടിക്കുന്നുണ്ട്.