രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം : പ്രകാശ് രാജ് മുഖ്യാതിഥി
തിരുവനന്തപുരം: ഒരാഴ്ച നീണ്ടു നിന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനമാകും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി, സുവര്‍ണ്ണ ചകോരം ഉള്‍പ്പടെ പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍ സമാപനച്ചടങ്ങില്‍ സമ്മാനിക്കും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള പുരസ്‌കാരങ്ങളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ ആര്‍ മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും. ക്യൂബയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും.സമാപനച്ചടങ്ങിന് മുന്നോടിയായി കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിന്‍ഡ് ഓഫ് റിഥം’ എന്ന സംഗീതപരിപാടിയും അരങ്ങേറും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 28ാമത് ഐ.എഫ്.എഫ്.കെയില്‍ 15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമായിരുന്നു ഡെലിഗേറ്റ് ഫീസ്. 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍, കള്‍ച്ചറല്‍ പരിപാടികള്‍, ഒത്തുച്ചേരലുകള്‍ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്.എട്ടുദിവസങ്ങളിലായി നടന്ന മേളയില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ക്യൂബന്‍ ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 28ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുത്തു.