കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്തുനിന്ന് ഡോ : ബിജുകുമാർ രാജിവെച്ചു

Spread the love

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്തുനിന്ന് സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ രാജിവെച്ചു. തൊഴിൽ പരമായ കാരണങ്ങൾകൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് ഡോ. ബിജുവിന്റെ വിശദീകരണം.ഡോ. ബിജുവിനെതിരെ വിമർശനവുമായി ചലച്ചിത്ര അക്കാദമി അവാർഡ് ചെയർമാൻ രഞ്ജിത്ത് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത് എന്നാണ് രഞ്ജിത്ത് പറഞ്ഞത്.തുടർന്ന് രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജു രംഗത്തുവന്നിരുന്നു. “തിയറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല. ഒന്ന് രണ്ടു കാര്യം മാത്രം സൂചിപ്പിക്കാം. നെറ്റ്ഫ്‌ലിക്‌സ് ഉയര്‍ന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമ. ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ധാരാളം ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന, വളരെയേറെ ക്രിട്ടിക്കല്‍ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കള്‍ ചെയര്‍മാന്‍ ആയ മേള യില്‍ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകള്‍ തിരഞ്ഞെടുത്തപ്പോള്‍ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തില്‍ ഇടം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രം ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ എന്നോട് അനുമതി ചോദിച്ചു പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് എന്റെ സിനിമ.അതിന്റെ ആദ്യ പ്രദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്കും ആയിരുന്നു ഐഎഫ്എഫ്‌കെയില്‍. രണ്ടാമത്തെ പ്രദര്‍ശനം നാളെ നടക്കുമ്പോള്‍ അതും റിസര്‍വേഷന്‍ ആദ്യത്തെ അഞ്ചു മിനിറ്റില്‍ ഫുള്‍ ആയതുമാണ്. അതൊന്നും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അത്തരത്തില്‍ ഐഎഫ്എഫ്‌കെയില്‍ ഡെലിഗേറ്റുകള്‍ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താന്‍ താങ്കള്‍ ആളായിട്ടില്ല.ഒരു കാര്യം ചോദിച്ചോട്ടെ, വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി സിനിമകള്‍ ഉണ്ട്. ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകള്‍ ഇവിടെ മേളയില്‍ കാണിക്കുന്നത്. അല്ലാതെ ആ സിനിമകള്‍ അവിടങ്ങളില്‍ തിയറ്ററുകളില്‍ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങള്‍ ആണല്ലോ കേരളാ സര്‍ക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നുണ്ട്.കഴിഞ്ഞ മേളയില്‍ ഡെലിഗേറ്റുകളെ പട്ടിയോടു ഉപമിച്ച താങ്കള്‍ ഇത്തവണ താങ്കള്‍ ചെയര്‍മാനായ മേളയില്‍ ഏറ്റവും പ്രെസ്റ്റീജിയസ് ആയ ഒരു വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംവിധായകനോട് പറയുകയാണ്, നിങ്ങളുടെ സിനിമ തിയറ്ററില്‍ ആളെ കൂട്ടാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് റെലവന്‍സ് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *