കടുവേ പേടിച്ച് : വൃദ്ധൻ മരിച്ചു
വയനാട് : കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ വൃദ്ധൻ മരിച്ചു. വാകേരി മരമാല കോളനിയിലെ കൃഷ്ണൻ (60) ആണ് മരിച്ചത്. ഇന്നലെ വാകേരി കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷിനെ (ചക്കായി – 36 ) കടുവ കടിച്ചു തിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരിച്ചത്.ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് പ്രജീഷിനെ കടുവ കൊന്നത്. വൈകുന്നേരമായിട്ടും തിരിച്ചുവരുന്നത് കാണാതായതോടെ മാതാവ് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടർന്ന്, സഹോദരനും അയൽവാസിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കടുവ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ കണ്ടതോടെ കാട്ടിലേക്ക് മറഞ്ഞു. ഇടതു തുടയുടെയും തലയുടെയും ഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരേതനായ കുട്ടപ്പന്റെയും ശാരദയുടെയും മകനാണ് പ്രജീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ: മജീഷ്, ജിഷ.