തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചതോടെ പൂവാറിൽ കല്ലിടലിന് തുടക്കമായി
സുരേഷ് നെയ്യാറ്റിൻകര [ Reporter ]
നെയ്യാറ്റിൻകര: സംസ്ഥാനത്തെ തീരദേശ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചതോടെ പൂവാറിൽ കല്ലിടലിന് തുടക്കമായി. വിശാലമായ മണൽപ്പരപ്പിൽ മഞ്ഞ പെയിന്റടിച്ച കോൺക്രീറ്റ് തൂണുകൾ ഉയർന്നതോടെ പ്രദേശവാസികളിൽ ആശങ്ക. നിലവിലെ റോഡിന്റെ പുറത്തേക്ക് കുഴിച്ചിട്ട തൂണുകൾ എന്തിനാണെന്നുപോലും അറിയാത്തവരാണ് കൂടുതൽ പേരും. വേണ്ടപ്പെട്ടവരോട് ചോദിച്ചിട്ടും അവരെല്ലാം കൈമലർത്തുകയാണ്. ജില്ലയിൽ ഭൂമി ഏറ്റെടുക്കലിനുള്ള നടപടികൾ ആരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്. റോഡ് നവീകരണത്തിനും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വികസനത്തിനും മുടക്കിയ കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളിന്ന് നശിച്ചുകഴിഞ്ഞു. പൂവാറിലെ ചിൽഡ്രൻസ് പാർക്ക്, ആയോധന കലാ പരിശീലന കേന്ദ്രം ഇവയെല്ലാം അതിൽപ്പെടുന്നവയാണ്. തീരദേശ സമ്പത്ത് ഘടനയുടെ വികസത്തിനും വളരുന്ന ടൂറിസത്തിനും കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് തീരദേശ ഹൈവേയുടെ നിർമ്മാണത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. 14 മുതൽ 15.6 മീറ്റർ വരെ വീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ ഒരു വശത്ത് 7 മീറ്റർ വീതിയിൽ നടപ്പാതയും ബസ് വേയും മറുവശത്ത് 2.5 മീറ്റർ വീതിയിൽ സൈക്കിൾ വേയുമാണ് ഉണ്ടാവുക. ആകെ 6500 കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്. സംസ്ഥാനത്തെ 9 ജില്ലകളിലായി 200 ഗ്രാമപഞ്ചായത്തുകളിലൂടെയും 11 നഗരസഭകളിലൂടെയും ഈ പാത കടന്നുപോകും. പുതിയ തീരദേശ ഹൈവേയ്ക്ക് ജില്ലയിൽ മാത്രമായി 78.54 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ സംസ്ഥാനത്താകെ 623.15 കിലോമീറ്റർ റോഡ് വരുമ്പോൾ 28 കിലോമീറ്റർ മാത്രമേ പുതിയ റോഡ് നിർമ്മിക്കേണ്ടിവരൂ എന്നാണ് അധികൃതർ പറയുന്നത്. പൂവാറിൽ നെയ്യാറിന് കുറുകെയോ, എ.വി.എം കനാലിന് മുകളിലൂടെയോ പാലം നിർമ്മിച്ച് മാത്രമേ റോഡിന് കടന്നുപോകാൻ കഴിയുകയുള്ളൂ. ബ്രേക്ക് വാട്ടറിൽ പാലം വരുന്നതോടെ നിലവിലെ കണ്ടൽക്കാടുകളുടെ നാശവും പൂവാർ പൊഴിക്കരയുടെ പ്രകൃതിഭംഗിക്കും കോട്ടം സംഭവിക്കും എന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകരിലുണ്ട്. റോഡിനായി നിർമ്മിക്കുന്ന പുതിയ പാലം പൂവാറിലെ വലിയ പാലത്തിന് സമീപം നിർമ്മിക്കാനായാൽ നശിപ്പിക്കേണ്ടിവരുന്ന കണ്ടൽക്കാടുകളുടെ വിസ്തൃതിയിലും പൊഴിയൂരിൽ ഒഴിപ്പിക്കേണ്ടിവരുന്ന വീടുകളുടെ എണ്ണത്തിലും കുറവ് കണ്ടെത്താൻ കഴിയുമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്. കോട്ടുകാൽ കരുംകുളം ഗ്രാമ പഞ്ചായത്തുകളെ വേർതിരിക്കുന്ന കരിച്ചൽ കായലിന് കുറുകെ അമ്പലത്തുമൂലയിൽ നിർമ്മിച്ചിട്ടുള്ള പാലം, തൂണിൽ തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ ഈ തൂണുകൾക്ക് ശാപമോക്ഷം ലഭിക്കും. എന്നാൽ തീരദേശ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമായി തുടരുകയാണ്. ഇത് പരിഹരിക്കുന്നതിന് 1 കോടി രൂപ അനുവദിച്ചതായി എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. ഇതിന്റെ വിനിയോഗത്തെ സംബന്ധിച്ചും പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ തയാറാകണം. പൂവാറിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ നടത്തേണ്ടിവരുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി പ്രകൃതിക്ക് കോട്ടമില്ലാത്ത രീതിയിൽ റോഡ് നിർമ്മിക്കണമെന്നുള്ള്താണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യംഫോട്ടോ: പൂവാറിലെ പൊഴിക്കരയിൽ 2018-ൽ നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിനെ രണ്ടായി മുറിച്ച് കടന്നുപോകുന്ന തീരദേശ ഹൈവേയുടെ അതിർത്തിക്കല്ലുകൾ