ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യക്കാരനെതിരെ യു.എസില്‍ കുറ്റം ചുമത്തി
വാഷിങ്ടണ്‍: ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യക്കാരനെതിരെ യു.എസില്‍ കുറ്റം ചുമത്തി. ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്ത(52)ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്. ‘ഇന്ത്യയിലും മറ്റിടങ്ങളിലും ഗുപ്ത ഉള്‍പ്പെടെയുള്ളവരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍, ഇന്ത്യന്‍ വംശജനും യുഎസ് പൗരനുമായ ഒരു അഭിഭാഷകനെയും രാഷ്ട്രീയ പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി രേഖകളെ ഉദ്ധരിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ പറയുന്നു. പന്നുനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ ഡല്‍ഹി ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആശങ്കയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത് രാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവവികാസം.കുറ്റം തെളിയിക്കപ്പെട്ടാല്‍ കൊലപാതകം നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും ഗുപ്തയ്ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോര്‍ണി മാത്യു ജി ഓള്‍സെന്‍ പറഞ്ഞു. കൊലപാതകം നടത്താന്‍ ഒരു കൊലയാളിക്ക് 100,000 ഡോളര്‍ നല്‍കാമെന്ന് ഗുപ്ത സമ്മതിച്ചിരുന്നു. അതിനുപുറമെ 2023 ജൂണ്‍ 9ന് ഇതിനകം 15,000 ഡോളര്‍ മുന്‍കൂറായി നല്‍കിയിരുന്നു. ‘അമേരിക്കന്‍ മണ്ണില്‍ ഒരു സിഖ് വിഘടനവാദിയെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെ അതീവ ഗൗരവത്തോടെയാണ് യുഎസ് കൈകാര്യം ചെയ്യുന്നതെന്ന്’ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഇന്ത്യ ഉന്നത തല പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. യുഎസ് നല്‍കിയ വിവരങ്ങള്‍ ഇന്ത്യ ഗൗരവമായി കാണുന്നുവെന്നു വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. എന്നാല്‍, ചില ക്രിമിനലുകളും സായുധ സംഘങ്ങളും വിഘടനവാദ സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് നല്‍കിയെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാര്യങ്ങള്‍ അന്വേഷിക്കാനാണ് സമിതി രൂപവല്‍ക്കരിച്ചിരിക്കുന്നത്. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് നിജ്ജറിനെ കാനഡയില്‍ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യു.എസില്‍ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍.
ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യക്കാരനെതിരെ യു.എസില്‍ കുറ്റം ചുമത്തി