ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

Spread the love

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. കൗണ്‍സില്‍ ഹാളില്‍ എഎപി, ബിജെപി അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതേത്തുടര്‍ന്ന് മേയര്‍ തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടു. നോമിനേറ്റഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് തര്‍ക്കം ഉടലെടുത്തത്.മേയര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന, ബിജെപി അംഗം സത്യ ശര്‍മ്മയെ താല്‍ക്കാലിക സ്പീക്കറായി കഴിഞ്ഞദിവസം നിയമിച്ചിരുന്നു. താല്‍ക്കാലിക സ്പീക്കര്‍നോമിനേറ്റഡ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെട്ട് എഎപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് 10 പേരെയാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്.ബിജെപിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ ഭരണം പിടിച്ചെടുത്തത്. 250 അംഗ കൗണ്‍സിലില്‍ 134 സീറ്റുകളാണ് എഎപി നേടിയത്. ഷെല്ലി ഒബ്റോയി, അഷു താക്കൂര്‍ എന്നിവരെയാണ് എഎപി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രേഖ ഗുപ്തയാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. അതേസമയം മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *