വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Spread the love

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. സംസ്ഥാനത്ത് വ്യാപകമായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതായി സംസ്ഥാന പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.താൻ ഒരു നിയമപ്രതിരോധവുമില്ലാതെയാണ് വന്നത് എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ പ്രതികരണം. നാളെയും വിളിച്ചാൽ വരുമെന്ന് വ്യക്തമാക്കിയ രാഹുൽ ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും വിശദമാക്കി.ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഒരു തരത്തിലുളള നെഞ്ചു വേദനയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അടൂരിൽ നിന്ന് സാക്ഷിയായി വരുമ്പോൾ വണ്ടിക്കൂലി പൊലീസ് നൽകണം. പൊതുഖജനാവിൽ നിന്നും താൻ നഷ്ടമുണ്ടാക്കുന്നില്ല. പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ്റ് ഒളിവി ലാണോയെന്ന് അറിയില്ല. വിഷയത്തിൽ കെപിസിസി വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കുട്ടത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *