ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കൊന്നൊടുക്കിയ 650-ലധികം പന്നികളുടെ നഷ്ടപരിഹാരത്തുകഉടമകൾക്ക് ലഭിച്ചില്ല
കണ്ണൂർ : ജൂണിൽ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കൊന്നൊടുക്കിയ 650-ലധികം പന്നികളുടെ നഷ്ടപരിഹാരത്തുക ഉടമകൾക്ക് വിതരണം ചെയ്തില്ല. ഉദയഗിരി പഞ്ചായത്തിലെ 40-ലധികം കർഷകർക്കാണ് തുക ലഭിക്കാത്തതെന്ന് പിഗ് ഫാർമേഴ്‌സ് അസോസിയേഷൻ (പി.എഫ്.എ.) സംസ്ഥാന പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.2022 മുതൽ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി മൂലം കൊന്ന എല്ലാ പന്നികളുടെയും നഷ്ടപരിഹാരം കർഷകർക്ക് ലഭിച്ചിരുന്നു. അതേസമയം, കേളകം, പേരാവൂർ തുടങ്ങി പഞ്ചായത്തുകളിലെ കുറച്ച് കർഷകർക്ക് മാത്രമാണ് നഷ്ടപരിഹാരത്തുക കിട്ടിയതെന്നും കേന്ദ്രവിഹിതം ലഭിക്കാത്തതാണ് നഷ്ടപരിഹാരത്തുക കർഷകർക്ക് ലഭിക്കാത്തതിന്റെ കാരണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.ആദ്യഘട്ടം മുതൽ ഒരു പന്നിക്കുട്ടിക്ക് 2,500 രൂപയും ഒരു ക്വിന്റൽ ഭാരം വരുന്ന പന്നിക്ക് 9,500 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്.പന്നികളെ വളർത്താൻ കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന പച്ചക്കറി-കോഴി അവശിഷ്ടങ്ങൾ ചില വൻകിട മാലിന്യസംസ്കരണ പ്ലാന്റ് ഉടമകളുടെ ഇടനിലക്കാർ വഴി തടഞ്ഞുവെച്ചിരിക്കയാണെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.