കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം : വിവിധ പദ്ധതികൾ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

Spread the love

പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചലിലെ കൈത്തറി മേഖലയ്ക്ക് ഇനി സുവർണ്ണകാലം.കളമച്ചൽ കൈത്തറി ക്ലസ്റ്ററിൽ സ്ഥാപിച്ച സോളാർ പാനൽ സ്വിച്ച് ഓൺ കർമ്മവും തൊഴിലാളികൾക്കായി നിർമ്മിച്ച പണിപ്പുരകളുടെ താക്കോൽ ദാനവും തറികളുടെ വിതരണോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിനുള്ള കരാർ ലഭിച്ചത് പരമ്പരാഗത കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായെന്ന് മന്ത്രി പറഞ്ഞു.

കൂടുതൽ ലാഭകരമായ ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് കൈത്തറി മേഖലയുടെ സമഗ്രമായ ഉന്നമനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡി. കെ. മുരളി എം. എൽ. എ അധ്യക്ഷനായി കളമച്ചൽ കൈത്തറിയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് ഭരണസമിതി തയാറാക്കിയ രണ്ട് കോടി രൂപയുടെ ക്ലസ്റ്റർ വികസന പ്രോജക്ടിന് കേന്ദ്ര ടെക്സ്റ്റൈൽ ആൻഡ് കൈത്തറി മന്ത്രാലത്തിന്റെ അനുമതി ലഭിച്ചതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

25 തൊഴിലാളികൾക്കാണ് പണിപ്പുരകൾ നിർമ്മിച്ച് നൽകിയത്. ജെക്കാർഡ് തറിയുടെയും തറി അനുബന്ധ ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു. ചടങ്ങിൽ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ഒ ശ്രീവിദ്യ, കൈത്തറി ഡയറക്ടർ കെ. എസ്. അനിൽകുമാർ, കളമച്ചൽ കൈത്തറി പ്രസിഡന്റ്‌ ജി. മധു , നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *