ബിജെപിയിതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ അമിത രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ സുപ്രീംകോടതി

Spread the love

ന്യൂഡല്‍ഹി: ബിജെപിയിതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ അമിത രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ സുപ്രീംകോടതി. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നും നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചര്‍ച്ചകളിലൂടെ പാസ്സാക്കുന്ന ബില്‍, സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്. സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. സഭാസമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ചത്.ഗവര്‍ണറുടെ നടപടി ഗൗരവതരമെന്ന് തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേരളത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചില്ല.വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *