വിനോദ യാത്രയ്ക്ക് പോയ കൊച്ചിയിലെ സ്‌കൂള്‍ ബസ്സുകള്‍ മോട്ടോര്‍വാഹന വകുപ്പ് (എം.വി.ഡി) പിടിച്ചെടുത്തതോടെ 200 ഓളം കുട്ടികള്‍ പെരുവഴിയിൽ
കൊച്ചി: ഊട്ടിയിലേക്ക് വിനോദ യാത്രയ്ക്ക് പോയ കൊച്ചിയിലെ സ്‌കൂള്‍ ബസ്സുകള്‍ മോട്ടോര്‍വാഹന വകുപ്പ് (എം.വി.ഡി) പിടിച്ചെടുത്തതോടെ 200 ഓളം കുട്ടികള്‍ പെരുവഴിയിലായി. എളമക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോകുന്നതിന് തൊട്ടുമുമ്പായിരുന്നു മോട്ടോര്‍ വകുപ്പിന്റെ നടപടി. യാത്ര പോകുന്നതിന് മുന്‍പ് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വാദം. നാല് ബസുകളില്‍ മൂന്നെണ്ണം സ്‌കൂളിന് സമീപത്തുനിന്ന് തന്നെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ഒരു ബസ് ആലുവയില്‍ എത്തിയിരുന്നു. ഈ ബസും തിരിച്ചുവിളിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.ഫിറ്റ്‌നസ് രേഖകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുമായി ടൂര്‍ പോകുന്നതിന് മുമ്പ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കി ഫിറ്റ്‌നെസ് ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. എന്നാല്‍, ഈ ബസുകള്‍ പരിശോധനയ്ക്ക് എത്തിക്കുന്നതിന് പകരം അപേക്ഷ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് എം.വി.ഡി. അറിയിച്ചത്.പരിശോധന നടക്കുമ്പോള്‍ നാല് ബസുകളിലായി ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി കുട്ടികളുടെ വിനോദയാത്ര പ്രതിസന്ധിയിലാക്കിയെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനയെന്നാണ് അധികൃതര്‍ അറിയിച്ചത്. ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ തന്നെ 200 ഓളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നു. ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ത്ഥികളും നിരാശരായി. പകരം വാഹനങ്ങള്‍ സംഘടിപ്പിച്ച് വിനോദയാത്ര നടത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.