വിഴിഞ്ഞം സൗജന്യ മണ്ണെണ്ണ വിതരണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടും മന്ത്രി ദേവര്‍കോവില്‍ :കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരവും ഉടന്‍ വിതരണം ചെയ്യും

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം നോര്‍ത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 322 ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ക്ക് നിലവില്‍ സൗജന്യമായി നല്‍കി വരുന്ന മണ്ണെണ്ണ ഒരു വര്‍ഷം കൂടി നല്‍കാന്‍ തീരുമാനിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിസില്‍ കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായ ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ തുകയും വിതരണം ചെയ്യുന്നുണ്ട്.2024 മെയ് മാസത്തില്‍ തന്നെ പോര്‍ട്ട് കമ്മീഷന്‍ ചെയ്യും. ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഇന്നെത്തും. തുറമുഖത്തേക്കുള്ള കൂറ്റന്‍ ക്രയിനുമായി ചൈനയില്‍ നിന്നു ഷെന്‍ഹുവ 29 എന്ന കപ്പലാണ് എത്തുക. നവംബര്‍ 25, ഡിസംബര്‍ 15 എന്നീ തീയതികളിലായി തൂടര്‍ന്നുള്ള കപ്പലുകളും എത്തുന്നുണ്ട്. തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രയിനുകളും 24 യാര്‍ഡ് ക്രയിനുകളുമാണ് ഇതിലൂടെ എത്തിച്ചേരുക.അവലോകന യോഗത്തില്‍ വിസില്‍ എം.ഡി ദിവ്യ എസ്.അയ്യര്‍ ഐ.എ.എസ്, അദാനി പോര്‍ട്ട് സി.ഇ.ഓ രാജേഷ് ഝാ, ഓപ്പറേഷന്‍ മാനേജര്‍ സുഷീല്‍ നായര്‍ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *