വെടിനിര്‍ത്തലിനു കൂട്ടാക്കാതെ ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം രൂക്ഷമാക്കി
ഗസ്സ: വെടിനിര്‍ത്തലിനു കൂട്ടാക്കാതെ ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം രൂക്ഷമാക്കി. ഗസ്സയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 152 പേരും മരിച്ചു. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും മരണം.അതിനിടെ ഇന്നലെയും ഗസ്സയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് ഇന്നലെത്തേത്. ഗസ്സയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഗസ്സ സിറ്റിയെ സൈന്യം പൂര്‍ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈനിക മേധാവി അവകാശപ്പെട്ടു.അതിനിടെ വെടിനിര്‍ത്തല്‍ സാധ്യത തള്ളിയ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മൂന്നാമത്തെ പശ്ചിമേഷ്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങി. ഇസ്രായേല്‍, ലബനാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം കൂടുതല്‍ ശക്തമാണ്. അടിയന്തര വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ മാനുഷികദുരന്തം വിവരണാതീതമായിരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറലും സന്നദ്ധ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.