കേരളീയത്തിന് പിന്തുണയുമായി മലയാളം പള്ളിക്കൂടം
കേരളീയത്തിനു പിന്തുണയുമായി മലയാളം പള്ളിക്കൂടത്തിലെ വിദ്യാര്‍ഥികളെത്തി. തൈക്കാട് മോഡല്‍ എച്ച്.എസ്.എല്‍.പി സ്‌കൂളില്‍ പത്തു വര്‍ഷമായി മാതൃഭാഷയ്ക്കായി പ്രവര്‍ത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിലെ കുട്ടികളാണ് ടാഗോര്‍ തിയറ്ററില്‍ നാരായണ ഭട്ടതിരി ഒരുക്കിയ മലയാളം കലിഗ്രാഫി പ്രദര്‍ശനം കാണാന്‍ എത്തിയത്. അധികമാര്‍ക്കും സുപരിചിതമല്ലാത്ത മലയാളം കലിഗ്രഫി അക്ഷരകലയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. പ്രദര്‍ശനം കാണാന്‍ എത്തിയവരുടെ പേരുകള്‍ മലയാളം കലിഗ്രാഫിയില്‍ എഴുതിയാണ് നാരായണ ഭട്ടതിരി കുട്ടികളെ സ്വീകരിച്ചത്. ഐ.ബി സതീഷ് എംഎല്‍എയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷും അതിഥികളായെത്തി. ഭാഷാ പ്രതിജ്ഞ ചൊല്ലി, മലയാളത്തെയും മലയാളികളെയും എക്കാലവും ചേര്‍ത്തുപിടിക്കണമെന്ന് എം എല്‍ എ കുട്ടികളെ ഓര്‍മിപ്പിച്ചു. ‘മലയാളനാടേ നിന്‍ മാറിലാരോ, മലര്‍മാല ചാര്‍ത്തുന്നു മഞ്ജിമകള്‍’ എന്ന ഗാനം കുട്ടികളും അധ്യാപകരും ആലപിച്ചതിനൊപ്പം നാരായണ ഭട്ടതിരി വരികള്‍ കലിഗ്രാഫിയില്‍ കുറിച്ചതും കൗതുകമായി. മലയാളം പഠിക്കാന്‍ താല്‍പര്യമുള്ള, എന്നാല്‍ പഠിക്കുന്ന സ്‌കൂളില്‍ അതിന് അവസരമില്ലാതെ വരുന്ന കുട്ടികളാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍. കേരളീയത്തിലെ മറ്റു പ്രദര്‍ശനങ്ങളും പരിപാടികളും ആസ്വാദിച്ചാണ് കുട്ടികള്‍ മടങ്ങിയത്. മലയാളം പള്ളിക്കൂടം സെക്രട്ടറി ഡോ. ജെസി നാരായണന്‍നേതൃത്വംനല്‍കി.