മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കും: മന്ത്രി വി. ശിവന്‍കുട്ടി

Spread the love

ഉയര്‍ന്ന വേതനം, തൊഴില്‍ സുരക്ഷ, തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരഷാ പദ്ധതികള്‍, നൈപുണ്യ വികസന പദ്ധതികള്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള പിന്തുണ തുടങ്ങിയവയിലെല്ലാം കേരളം പിന്‍തുടരുന്ന മാതൃകാപരമായ സമീപനത്തെ പ്രകീര്‍ത്തിച്ച് ‘തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും’ എന്ന വിഷയത്തില്‍ നടന്ന കേരളീയം സെമിനാര്‍. തൊഴിലാളി വിരുദ്ധ നയങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ നിലപാട് ഏറെ പ്രസക്തമാണ്. വൈജ്ഞാനിക സമൂഹത്തിന് അനുസൃതമായ രീതിയില്‍ തൊഴിലാളികളുടെ നൈപുണ്യ വികസനം സാധ്യമാക്കണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് നടപടി വേണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പിലാക്കുമെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചായിരിക്കും കുറഞ്ഞ കൂലി നടപ്പിലാക്കുക. തൊഴിലാളികള്‍ക്കിടയിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. പരമ്പരാഗത തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന്‍ വിഷയാവതരണം നടത്തി. ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മോഡറേറ്ററായി. സര്‍ക്കാര്‍ നടപടികള്‍ നല്ലരീതിയില്‍ തൊഴിലാളികള്‍ക്കിടയില്‍ എത്തിക്കുന്നതിന് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് മുന്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഐടിഐകള്‍ ആധുനിക നിലവാരത്തില്‍ വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്ന് മുന്‍ മന്ത്രി കെ. പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ക്ഷേമനിധി ബോര്‍ഡുകള്‍ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യണം. ഐടി മേഖലയില്‍ തൊഴില്‍ നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു. തൊഴിലാളി അനുകൂല നിയമങ്ങളെയെല്ലാം അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ലേബര്‍ കോഡ് ഇതിന് ഉദാഹരണമാണ്. അതിഥി തൊഴിലാളി ക്ഷേമത്തിന്റെ കാര്യത്തിലും കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്ന കാര്യത്തില്‍ നിലവിലുള്ള വെല്ലുവിളികള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തൊഴിലാളി വര്‍ഗ സ്‌പെഷ്യലിസ്റ്റ് സയ്യിദ് സുല്‍ത്താന്‍ അഹമ്മദ് അവതരിപ്പിച്ചു. സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും മികച്ച തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സീനിയര്‍ അഭിഭാഷക ആര്‍. വൈഗൈ അഭിപ്രായപ്പെട്ടു. ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ കമ്മ്യൂണിറ്റികള്‍ എന്നിവരില്‍ നിന്ന് ആരോഗ്യ സെസ് ചുമത്തണമെന്നും ഈ തുക ഗാര്‍ഹിക തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി വിനിയോഗിക്കണമെന്നും അവര്‍ പറഞ്ഞു.അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിലെ ഉത്പാദന ക്ഷമത വലിയ രീതിയില്‍ വര്‍ധിപ്പിച്ചതായി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ഓണററി ഫെല്ലോ ഡോ. എ.വി. ജോസ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ ഡോ. ജയന്‍ ജോസ് തോമസ്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് സാമ്പത്തിക ശാസ്ത്ര അസോസിയേറ്റ് പ്രൊഫ. ഡോ. ജജാതി കേസരി പരിദ, വകുപ്പ് ഡയറക്ടര്‍ ഡോ. സുക്തി ദാസ് ഗുപ്ത, ഗവണ്‍മെന്റ് പ്ലീഡറും തിരുവനന്തപുരം ജില്ല കോടതി പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി ഗീന കുമാരി തുടങ്ങിയവര്‍ സെമിനാറില്‍സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *