മത്തങ്ങാ ചോറുണ്ട് , കിഴങ്ങു പായസമുണ്ട് എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ അടിപൊളി
കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണ സംസ്‌കാരവുമായി യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. ഔഷധഗുണങ്ങളും വേറിട്ട രുചികളുമായാണ് സംസ്ഥാനത്തെ വിവിധ ആദിവാസി മേഖലകളില്‍നിന്നു കേരളീയത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ എത്തിയത്. ഉള്‍വനത്തില്‍നിന്നു ശേഖരിച്ച പഴങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, ഇല, പൂവ്, കൂണുകള്‍ തുടങ്ങിയ തനത് സസ്യ വര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം വിഭവങ്ങളും ഒരുക്കിയിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് സന്ദര്‍ശകരെ ഈ പവലിയനില്‍ കാത്തിരിക്കുന്നത്. നെടുവന്‍ കിഴങ്ങ്, മുളക് കഞ്ഞി, കവലാന്‍ കിഴങ്ങ് പായസം- പുഴുക്ക് തുടങ്ങിയവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. അട്ടപ്പാടിയില്‍നിന്നുള്ള 108 സസ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് കാപ്പി വെറും 10 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒപ്പം ചാമയരി പായസം, റാഗി പഴംപൊരി, റാഗി പക്കാവട, ഇലയട എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാണ്. അട്ടപ്പാടിയില്‍ നിന്നുള്ള തേന്‍, മുളയരി, കുന്തിരിക്കം എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഊരാളി ആദിവാസി വിഭാഗങ്ങളുടെ തനതു വിഭവമായ മത്തങ്ങ ചോറും എലുപ്പാഞ്ചേരി തോരനും 30 രൂപയ്ക്കാണു ലഭിക്കുന്നത്. തനിമ എന്നു പേരുള്ള ഭക്ഷണ ശാലയിലെ പറണ്ടക്കയും കുത്തരിയും ചേര്‍ത്തുണ്ടാക്കിയ പായസം രുചികരവും ആരോഗ്യദായകവുമാണ്.
തേന്‍ നെല്ലിക്ക, തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ മാങ്ങായിഞ്ചി, തേന്‍ ഡ്രൈഫ്രൂട്ട്‌സ്, തേന്‍ നെല്ലിക്ക സിറപ്പ്, തേന്‍ മുന്തിരി, വയനാട്ടില്‍ നിന്നുള്ള കൊല്ലിപ്പുട്ട്, കാരകുണ്ഡപ്പം, കാച്ചില്‍ ചേമ്പ്, നിലമ്പൂരിലെ പാലക്കയത്തു നിന്നുള്ള നൂറാന്‍, കവല എന്നീ കിഴങ്ങുകള്‍ ഉപയോഗിച്ചുള്ള അട, ഇലക്കറികള്‍, പച്ചമരുന്ന് കാപ്പി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിഭവങ്ങളാണ് നിരയിടുന്നത്. ഗോത്രവര്‍ഗസമൂഹത്തിന്റെ പല രുചിക്കൂട്ടുകളും പാചക വിധികളും അന്യംനിന്നു പോവുന്ന സാഹചര്യം ഒഴിവാക്കി കാടിന്റെ തനത് രുചി നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന്‍ കൂടിയാണ് കേരളീയം എത്നിക് ഫുഡ്ഫെസ്റ്റിവലിലൂടെശ്രമിക്കുന്നത്.