വ്യവസായ കേരളത്തിന്റ വളര്‍ച്ചയുടെ കഥയുമായി കേരളീയം ‘ചരിത്ര മതില്‍
സംസ്ഥാനത്തിന്റെ, 1956 മുതലുള്ള വ്യാവസായികരംഗത്തെ ചരിത്രനിമിഷങ്ങള്‍ പ്രദര്‍ശിപ്പിച്ച് കേരളീയം. ഓരോ വര്‍ഷങ്ങള്‍ക്കുമുണ്ട് ഓരോരോ രേഖപ്പെടുത്തലുകള്‍. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് ഒരുക്കിയ ‘ചരിത്ര മതില്‍’ അത്തരത്തില്‍ ഒരു രേഖപ്പെടുത്തലാണ്.കേരളപ്പിറവി മുതല്‍ നാളിതുവരെ വ്യവസായവകുപ്പ് കൈയൊപ്പ് ചാര്‍ത്തിയ ചരിത്രനിമിഷങ്ങള്‍ ‘ചരിത്രമതിലാ’യി പുത്തരിക്കണ്ടം മൈതാനത്ത് ഉയര്‍ന്നുനില്‍ക്കുന്നു. 2022ല്‍ പുറത്തിറങ്ങിയ സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ നയം വരെയുള്ള ചരിത്രം ഈ മതിലില്‍ നിന്നു വായിച്ചെടുക്കാം. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സിഡ്‌കോ എന്നിവയെല്ലാം സ്ഥാപിച്ച ചരിത്രം മതിലിന്റെ ഭാഗമാണ്. കൈത്തറി, ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ തുടക്കം സംരംഭകവര്‍ഷം: ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന പദ്ധതി തുടങ്ങി വകുപ്പിന്റെ നാഴിക കല്ലുകള്‍ ഓരോന്നും വര്‍ഷങ്ങള്‍ ഉള്‍പ്പെടെ അക്കമിട്ട് നിരത്തിയിട്ടുണ്ട് ചരിത്രമതിലില്‍.പുത്തരിക്കണ്ടം മൈതാനത്ത് വ്യവസായ മേളയുടെ പ്രവേശന കാവടത്തിനരികെയാണ് വ്യവസായചരിത്ര മതില്‍ ഒരുക്കിയിരിക്കുന്നത്.