പെണ്‍കാലങ്ങള്‍ നല്‍കുന്ന പ്രചോദനവും പ്രേരണയും വലുത്: മന്ത്രി വീണാ ജോര്‍ജ്
കേരളത്തിലെ സ്ത്രീ ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി പെണ്‍കാലങ്ങള്‍.
പെണ്‍കാലങ്ങള്‍ നല്‍കുന്ന പ്രചോദനവും പ്രേരണയും വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകളുടെ ചരിത്രം, പ്രതിരോധം, പ്രതിനിധാനം നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ നടത്തുന്ന ‘പെണ്‍കാലങ്ങള്‍’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും രേഖപ്പെടുത്തലുകള്‍ ഭാവിയില്‍ എങ്ങനെയായിരിക്കണം എന്നതിന്റെ മാര്‍ഗരേഖ കൂടിയാണ് പെണ്‍കാലങ്ങള്‍ പ്രദര്‍ശനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ നടന്നു നീങ്ങിയ വഴികളെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ നടത്തിയ ഇടപെടലുകള്‍, മുന്നേറ്റങ്ങള്‍, സ്ത്രീ ശാക്തീകരണം, പ്രതിരോധം എന്നിവയുടെ വിവരണങ്ങളുമുണ്ട്. സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും സ്ത്രീ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും പ്രതിഫലനങ്ങളും ചേര്‍ത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ആദ്യകാല പുരോഗമന പ്രസ്ഥാനങ്ങളില്‍ തുടങ്ങി സമകാലിക സംഭവങ്ങളില്‍ വരെ സ്ത്രീകളുടെ സംഭാവനകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. നവോത്ഥാനം, രാഷ്ട്രീയം, കല, കായികം, സാഹിത്യം, സിനിമ, ശാസ്ത്രം, പരിസ്ഥിതി, നീതിന്യായം, ചിത്രകല, നൃത്തം, തൊഴിലാളി സമൂഹം എന്നിങ്ങനെ വിവിധ മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിച്ച സ്ത്രീകളുടെ ചിത്രങ്ങളും സമരചരിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ മാസികകള്‍, തൊഴിലിടങ്ങളിലെ നീതി, ലിംഗനീതിയ്ക്കായുള്ള പോരാട്ടങ്ങള്‍, സ്ത്രീ സംഘടനകള്‍, മുന്നേറ്റ പ്രസ്ഥാനങ്ങള്‍, ട്രാന്‍സ്വിമെന്‍ എന്നിവയുടെ ചരിത്രവഴികളും പ്രദര്‍ശനത്തിലുണ്ട്.കേരള സമൂഹത്തില്‍ സ്ത്രീകളുടെ സംഭാവനകളെ ആദരിക്കുന്നതിനൊപ്പം പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകള്‍ വഹിച്ച നിര്‍ണായക പങ്ക് വീണ്ടും സ്ഥിരീകരിക്കാനുള്ള ശ്രമമാണ് പെണ്‍കാലങ്ങളെന്ന് പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍ സജിത മഠത്തില്‍ പറഞ്ഞു. ഫോട്ടോ എക്സിബിഷന്‍, വീഡിയോ ഇന്‍സ്റ്റലേഷന്‍ എന്നിവയ്ക്കൊപ്പം ആശ ആന്‍സി ജോസഫ്, ഷൈനി ബെഞ്ചമിന്‍, ശ്രുതി ശരണ്യം, പ്രിയ രവീന്ദ്രന്‍, രശ്മി രാധാകൃഷ്ണന്‍, വിധു വിന്‍സന്റ്, സജിത മഠത്തില്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏഴ് ഡോക്യുമെന്ററികളുടെ പ്രദര്‍ശവും പെണ്‍കാലങ്ങളുടെ ഭാഗമാണ്. ഒപ്പം, സ്ത്രീസംഘങ്ങളുടെ കലാപരിപാടികളും പെണ്‍ചരിത്ര രേഖപ്പെടുത്തലിനെ സജീവമാക്കും.