പോലീസ് ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് വൈദ്യുതി ബിൽ കുടിശികയായതോടെ കെഎസ്ഇബി ഊരി
മൂവാറ്റുപുഴ : പോലീസ് ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് വൈദ്യുതി ബിൽ കുടിശികയായതോടെ കെഎസ്ഇബി ഊരി. തൊട്ട് പിന്നാലെ പോലീസിന്റെ പ്രതികാര നടപടിയും എത്തി. വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ പോയ കെഎസ്ഇബിയുടെ വാഹനം ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാട്ടി പോലീസ് പിടിച്ചെടുത്തു.ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരി മാറ്റിയത്. ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പോലീസ് ക്വാർട്ടേഴ്സുകളുടെ വൈദ്യുതി ബിൽ കുടിശികയായതിനാൽ കെഎസ്ഇബി ജീവനക്കാർ പലവട്ടം പോലീസ് സ്റ്റേഷനിൽ എത്തി ബിൽ അടയ്‌ക്കാൻ നിർദേശിച്ചിരുന്നു.നിരന്തരം ആവശ്യപ്പെട്ടിട്ടും ബിൽ അടയ്‌ക്കാതിരുന്നതോടെ കെഎസ്ഇബി ജീവനക്കാർ ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് ഊരുകയായിരുന്നു. പിന്നാലെ മടക്കത്താനം കൊച്ചങ്ങാടിയിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാനായി ജീവനക്കാർ പോയ വാഹനം പോലീസ് പിടിച്ചെടുത്തു. വാഹനത്തിനു മുകളിൽ ഗോവണി കൊണ്ടുപോയതും ആയുധങ്ങൾ ഉണ്ടായിരുന്നതും ചൂണ്ടിക്കാണിച്ചാണു വാഹനം പിടിച്ചെടുത്തത്.വാഹനത്തിൽ ഉണ്ടായിരുന്ന ലൈൻമാൻമാരെ രാത്രി 11വരെ സ്റ്റേഷനിൽ പിടിച്ചു നിർത്തി. കെഎസ്ഇബി അധികൃതർ ഇടപെട്ടതിനെ തുടർന്ന് ഗതാഗതനിയമ ലംഘനത്തിന് 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം മോചിപ്പിച്ചത്.