വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റിൽ

Spread the love

കോഴിക്കോട്: വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ്(22) ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജനെ കൊലപ്പെടുത്തിയതായി പ്രതി കുറ്റം സമ്മതിച്ചു. കൊല നടത്തിയത് മോഷണ ശ്രമത്തിനിടെയാണെന്നും രാജനെ പ്രതി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നും പൊലീസ് വ്യക്തമാക്കി.തൃശൂർ തിരുത്തള്ളൂർ സ്വദേശിയാണ് പ്രതി മുഹമ്മദ് ഷഫീഖ്. മുമ്പും ഇയാൾ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ആളുകളെ പരിചയപ്പെട്ട് അവരുമായി സൗഹൃദം കൂടി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. ദിവസങ്ങൾക്ക് മുൻപാണ് വടകര മാർക്കറ്റ് റോഡിൽ സ്വന്തം പലചരക്ക് കടയ്ക്കുള്ളിൽ വ്യാപാരി രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. രാജന്റെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും പ്രതി കൈക്കലാക്കിയിരുന്നു.രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഡിസംബർ 24ന് രാത്രിയിലാണ് രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. രാത്രിയിൽ രാജനൊപ്പം മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *