സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ നടക്കുന്നത് സഹകരണ വകുപ്പിന്റെ അനുമതിയോടെ: കെ.സുരേന്ദ്രൻ

Spread the love

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളും സഹകരണ വകുപ്പ് അധികൃതരുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ സഹകരണ ബാങ്ക് പൊളിഞ്ഞാൽ തിരുവനന്തപുരത്തുകാർക്ക് എന്താണ് നഷ്ടമെന്ന് ചോദിച്ച സഹകരണ മന്ത്രിയാണ് ഇവിടെയുള്ളത്. എല്ലാ ക്രമക്കേടുകൾക്കും സഹകരണ മന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ നൂറു കണക്കിന് സഹകരണ ബാങ്കുകളിൽ കൊള്ള നടന്നിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ മുച്ചൂടും തകർത്തിട്ട്, വീണ്ടും വീണ്ടും സഹകാരികളെ വഞ്ചിക്കുന്ന പ്രസ്താവനയാണ് വിഎൻ വാസവൻ നടത്തുന്നത്. സഹകാരികളെ രക്ഷിക്കാനല്ല, സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് ഇവിടുത്തെ ഇടത്, വലത് മുന്നണികളുടെ ശ്രമം. കേരളത്തിലെ മുഴുവൻ സഹകാരികളെയും സംഘടിപ്പിച്ച് ബിജെപി സഹകരണ സംരക്ഷണ സമ്മേളനം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.റബ്കോയുടെ മറവിൽ വലിയ കൊള്ളയാണ് നടന്നിരിക്കുന്നത്. റബ്കോയെ സഹായിക്കാനായി കരുവന്നൂർ ബാങ്ക് നൽകിയ 9.79 കോടി രൂപ സിപിഎം നേതാക്കളുടെ കീശയിലേക്കാണ് പോയത്. കോടികളുടെ തട്ടിപ്പ് നടത്തുന്നതിനിടയിൽ റബ്കോയിൽ നിന്നും കിട്ടാനുള്ള പണം ബാങ്ക് അധികൃതർ മറന്നുപോയി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സർക്കാർ സുരേഷ് ഗോപിക്കെതിരെ കള്ളക്കേസ് എടുത്തത്. സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *