മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എം.ബി. രാജേഷ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകിയതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ശിക്ഷാനടപടികൾ ഏറ്റെടുക്കുവാനും നടപ്പിലാക്കാനുമുള്ള സെക്രട്ടറിയുടെ അധികാരങ്ങൾ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം ഭൂമിയോ, അല്ലെങ്കിൽ സ്വകാര്യ ഭൂമിയോ കണ്ടെത്തുന്നതിന് മുൻഗണന നൽകണമെന്നു വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. വേണമെങ്കിൽ നിലവിലുള്ള നിയമത്തിന് അനുസരിച്ച് സ്വകാര്യ ഭൂമിയും ഏറ്റെടുക്കാം.ഏതെങ്കിലും മാലിന്യ ഉത്പാദകൻ യൂസർ ഫീ നൽകുന്ന കാര്യത്തിൽ വീഴ്ചവരുത്തിയാൽ, അത് പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശികയായി ഈടാക്കാവുന്നതാണെന്നും ഭേദഗതിയിൽ ഉണ്ട്.90 ദിവസത്തിനു ശേഷവും യൂസർ ഫീ നൽകാത്ത പക്ഷം മാത്രമായിരിക്കും ഇത്തരമൊരു നടപടിയിലേക്ക് കടക്കുകയെന്നും മന്ത്രി പറഞ്ഞു. ദരിദ്ര കുടുംബങ്ങൾക്ക് യൂസർ ഫീയിൽ ഇളവ് നൽകും.