ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ ഇന്ത്യയിലും കണ്ടെത്തിയതോ അതീവ ജാഗ്രതയോടെ രാജ്യം
ന്യൂഡല്‍ഹി: കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലും കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. യുഎസില്‍ വീണ്ടും അതിവേഗ വ്യാപനത്തിനു കാരണമാകുന്ന ഒമിക്രോണിന്റെതന്നെ ‘എക്‌സ്ബിബി.1.5’ ഉപവിഭാഗത്തിന്റെ സാന്നിധ്യം ഡിസംബറില്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ജനിതകമാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കിയെന്നാണു പഠനങ്ങള്‍. യുഎസില്‍ ഡിസംബര്‍ 24 വരെയുള്ള ആഴ്ച ആകെ കേസുകളുടെ 21.7% മാത്രമായിരുന്നു എക്‌സ്ബിബി.1.5 സാന്നിധ്യം. ഇപ്പോഴത് 40% ആയി. ഇന്ത്യയിലും സിംഗപ്പൂരിലും നേരത്തേ കണ്ടെത്തിയ എക്‌സ്ബിബി ഉപവിഭാഗത്തില്‍ നേരിയ മാറ്റങ്ങള്‍ സംഭവിച്ചതാണ് എക്‌സ്ബിബി.1.5. ഇന്ത്യയില്‍ നേരത്തേ വലിയ കോവിഡ് തരംഗത്തിന് ഇടയാക്കിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ബിജെ.1, ബിഎ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നതാണ് എക്‌സ്ബിബി. ഈ വകഭേദത്തിലൂടെ വീണ്ടും വൈറസ് ബാധയേല്‍ക്കാന്‍ (റീഇന്‍ഫെക്ഷന്‍) സാധ്യത കൂടുതലാണെന്ന് ഒക്ടോബറില്‍ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനു മുന്‍പു കോവിഡ് വന്നവര്‍ക്കാണു രോഗബാധയ്ക്കു സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത്, ഇന്ത്യയില്‍ കോവിഡ് തുടങ്ങിയ 2020 ജനുവരി 30 മുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 2021 അവസാനം വരെ പോസിറ്റീവായവരാണു റിസ്‌ക് വിഭാഗത്തില്‍.