ഗസ്സയെ പൂര്‍ണമായും ഒറ്റപ്പെടുത്തി : എവിടെയും സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ശബ്ദം ഇസ്രായേൽ ആക്രമണം തുടരുന്നു
വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ നഗരമായ ഗസ്സയെ പൂര്‍ണമായും ഒറ്റപ്പെടുത്തി ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഒപ്പം ഹമാസിന്റെ തിരിച്ചടിയും തുടരുന്നതോടെ മരണസംഖ്യ കുതിക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ മരിച്ചവരുടെ എണ്ണം 1350 ആയി. ഇതില്‍ 850 മരണവും ഇസ്രായേലിലാണ്. ഫലസ്തീനില്‍ 550 പേരും മരിച്ചു. മുവായിരത്തിലേറെ പേര്‍ക്ക് പരുക്കുണ്ട്. എണ്ണമറ്റ കെട്ടിടങ്ങളും നിലംപൊത്തി. കുട്ടികള്‍ക്ക് നേരെ കൂടുതലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത് ഫലസ്തിനിലാണ്. ഇവിടെ കൊല്ലപ്പെട്ടവരില്‍ നൂറിലേറെ കുട്ടികളുണ്ട്.ഇസ്രായേലിന് പിന്തുണയുമായി അമേരിക്കന്‍ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി. ഒരുലക്ഷം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഏത് നിമിഷവും കരമാര്‍ഗം ഗസ്സയില്‍ കടന്ന് ആക്രമണം നടത്താനാണ് നീക്കം. ഇസ്രായേലിനുള്ളില്‍ കയറിയ ഹമാസ് പോരാളികളെ പൂര്‍ണമായും പുറത്താക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പലയിടത്തും ഹമാസ് പോരാളികളും ഇസ്രായേല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവരെ പൂര്‍ണമായി പുറത്താക്കിയ ശേഷം ഗസ്സയെ നിയന്ത്രണത്തിലാക്കാനാണ് ഇസ്രായേല്‍ നീക്കം. ഹമാസ് പോരാളികള്‍ നിരവധി പേരെ ബന്ദികളാക്കിയതിനാല്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് സൈന്യത്തിന് കഴിയുന്നുമില്ല.