ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ മുൻ കൂർ ജാമ്യാപേക്ഷുമായി പ്രതി
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ മുൻ കൂർ ജാമ്യാപേക്ഷുമായി പ്രതി. പ്രതികളിലൊരാളായ ലെനിൻ രാജാണ് മുൻകൂർ ജാമ്യാപേക്ഷയുമായി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.തട്ടിപ്പ് കേസില്‍ പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെയും ലെനിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്.ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. പരാതിക്കാരനായ ഹരിദാസന്റെ മരുമകൾക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖിൽ സജീവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.അതേസമയം, നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലീസ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്.