ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിംഗ് എം പിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിംഗ് എം പിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി. ബിജെപി ദേശീയ ആസ്ഥാനത്തേക്ക് എഎപി പ്രതിഷേധ മാർച്ച് നടത്തും. സഞ്ജയ് സിംഗിന് എതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി ആരോപിച്ചു. സഞ്ജയ് സിംഗിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണമെന്നാകും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുക.അറസ്റ്റിനെ സഞ്ജയ് സിംഗ് കോടതിയിൽ ചോദ്യം ചെയ്യും. മദ്യനയ അഴിമതിയിൽ പിഎംഎൽഎ നിയമപ്രകാരം എന്ത് കൊണ്ട് എഎപിയെ പ്രതിചേർത്തില്ലെന്ന സുപ്രീം കോടതി ചോദ്യത്തിന് ഇ ഡിക്കും സിബിഐക്കും വേണ്ടി അഡീഷണൽ സോളിസ്റ്റർ ജനറൽ എസ് വി രാജു ഇന്ന് മറുപടി നൽകും. ആം ആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.മദ്യനയ അഴിമതിയിൽ ആരോപിതരായ പാർട്ടിക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല?, അഴിമതിയിൽ എഎപിക്ക് സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടോ?, കണ്ടെത്തലുകൾ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയാണ്, അഴിമതിയുടെ ഗുണഭോക്താവ് അതേ രാഷ്ട്രീയപാർട്ടിയാണ് എന്നിട്ടും പിഎംഎൽഎ നിയമപ്രകാരം എന്ത് കൊണ്ട് എഎപിയെ പ്രതിചേർത്തില്ലെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്ത് സിസോദിയ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീംകോടതി ബുധനാഴ്ചയാണ് പരിഗണിച്ചത്.അതേസമയം മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വിഷയത്തിൽ ബിജെപി ഇന്നും പ്രതിഷേധം സംഘടിപ്പിക്കും.