മാനിനെ കെണി വെച്ച് പിടികൂടി കൊന്ന് മാംസം പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ
മാനന്തവാടി: മാനിനെ കെണി വെച്ച് പിടികൂടി കൊന്ന് മാംസം പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ. കുറുക്കന്‍മൂല കളപ്പുരക്കല്‍ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചന്‍ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 56 കിലോയോളം ഇറച്ചിയും, കൊല്ലാൻ ഉപയോഗിച്ച സാധനസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.ബേഗൂര്‍ റെയിഞ്ചിന് കീഴില്‍ തൃശിലേരി സെക്ഷന്‍ പരിധിയിലെ താഴെ കുറുക്കന്‍മൂലക്ക് സമീപം തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപത്തെ വനമേഖലയിലാണ് കെണി വെച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് മാന്‍ കുടുങ്ങിയത്. കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശിലേരി വനം വകുപ്പ് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മാനിറച്ചി പിടികൂടിയത്.ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ കെ രാഗേഷ്, തൃശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍, ഉദ്യോഗസ്ഥരായ സനൂപ് കൃഷ്ണന്‍, ശരണ്യ, നവീന്‍, നന്ദന്‍, രാജേഷ്, അറുമുഖന്‍ തുടങ്ങിയവരാണ് മാനിറച്ചിയും പ്രതികളെയും പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ഓടി രക്ഷപ്പെട്ട തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ഉൾപ്പെടെ രണ്ടു പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ട്.