നായക്കാവലിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന്‍ ജോര്‍ജ് പിടിയില്‍

Spread the love

കോട്ടയത്ത് നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പൊലീസ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് റോബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിനെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ നാല് ദിവസമായി റോബിനായി പൊലീസ് കേരളത്തിന് അകത്തും പുറത്തും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. റോബിന്റെ സുഹൃത്ത് ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കണ്ടെത്തുന്നതിന് പൊലീസിനെ സഹായിച്ചത്.കഴിഞ്ഞ ദിവസം റോബിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീണ്ടത്. ഇന്നലെ മുതല്‍ തമിഴ്‌നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയത്. നായക്കാവലില്‍ കഞ്ചാവ് കച്ചവടം നടത്തിയ റോബിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം.വളരെ ആസൂത്രണത്തോടെയാണ് റോബിന്‍ നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. പൊലീസിനെ ആക്രമിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ 13 നായകളാണ് റോബിന്‍ നടത്തുന്ന പെറ്റ് ഹോസ്റ്റലില്‍ ഉള്ളത്. റോബിന്‍ നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്രത്തില്‍ നിന്ന് 18 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെടുത്തിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *