കടം വാങ്ങി പണം തിരിച്ചു കൊടുക്കാൻ വൈകിത്തിനെ തുടർന്ന് വെളുത്തുള്ളി വ്യാപാരിയെ നഗ്നനാക്കി മാർക്കറ്റിലൂടെ നടത്തിച്ചു
ലഖ്നൗ: ഉത്തർപ്രദേശിൽ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ വൈകിയതിന് വെളുത്തുള്ളി വ്യാപാരിയെ നഗ്നനാക്കി മാർക്കറ്റിലൂടെ നടത്തിച്ചു. വ്യാപാരിയെ മർദിക്കുകയും നഗ്നനാക്കി നടത്തിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സെപ്തംബർ 18ന് ഉച്ചയ്ക്ക് നോയിഡയിലെ ഫേസ്-2 മാണ്ഡിയിലാണ് സംഭവം. ഇരയായ വെളുത്തുള്ളി വ്യാപാരി ഒരു മാസം മുമ്പ് സുന്ദർ എന്ന കമ്മീഷൻ ഏജന്റിൽ നിന്ന് 5,600 രൂപ കടം വാങ്ങിയിരുന്നു. ‘അദിയകൾ’ എന്നറിയപ്പെടുന്ന ഈ ഏജന്റുമാർ കർഷകർക്കും വ്യാപാരികൾക്കും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരാണ്. കടം വാങ്ങിയ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെ കമ്മീഷൻ ഏജന്റ് വ്യാപാരിയെ സമീപിച്ചു.2500 രൂപ നൽകിയ വ്യാപാരി ബാക്കി തുക നൽകാൻ കുറച്ചു സമയം ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ സുന്ദർ തൻ്റെ ആളുകളെ വിളിച്ചുവരുത്തി. വ്യാപാരിയെ രണ്ട് പേർ ചേർന്ന് മർദിക്കുകയും ബലമായി വസ്ത്രം വലിച്ചുകീറുകയും ചെയ്തു. തുടർന്ന് മാർക്കറ്റിലൂടെ നഗ്നനാക്കി നടത്തി. പണം തിരികെ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.സംഭവത്തിൽ വെളുത്തുള്ളി വ്യാപാരി ഫേസ്- 2 പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തു. തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ സിറ്റി മജിസ്‌ട്രേറ്റ് സുന്ദറിന്‍റെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. സുന്ദറിന്‍റെ സരസ്വതി ട്രേഡിങ് കമ്പനി ഫേസ് 2വിലാണ് പ്രവർത്തിക്കുന്നതെന്ന് സിറ്റി മജിസ്‌ട്രേറ്റ് ധർമേന്ദ്ര കുമാർ പറഞ്ഞു.