സർക്കാർ പ്രഥമാധ്യാപകരുടെ സെക്രട്ടറിയേറ്റ് മാർച്ച് താക്കീതായി

Spread the love

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ പ്രൈമറി പ്രധാനാധ്യാപകരോട് കാണിക്കുന്ന വിവേചനങ്ങൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ കെ.ജി.പി.എസ് .എച്ച്.എ (കേരള ഗവ: പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ) യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് .സർക്കാർ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി സെക്രട്ടറിയേറ്റ് നോർത്ത് ഗേറ്റിന് മുമ്പിൽ പോലീസ് തടഞ്ഞു. ഹെഡ്മാസ്റ്റർ പ്രമോഷൻ തസ്തികയിൽ വന്ന് രണ്ട് വർഷം പൂർത്തിയായിട്ടും എച്ച്.എം സ്ക്കെയിൽ ലഭിക്കാത്ത രണ്ടായിരത്തിലധികം പ്രധാനാധ്യാപകർക്ക് ശമ്പള സ്കെയിൽ നൽകുക, സ്ക്കൂൾ ഉച്ചഭക്ഷണ തുക കാലോചിതമായി വർധിപ്പിക്കുക, എ.ഇ.ഒ തസ്തിക പ്രൈമറി എച്ച്.എം പ്രമോഷൻ ആക്കുക, ഖാദർ കമ്മീഷൻ ശിപാർശ ചെയ്ത പി.ഇ.ഒ തസ്തിക ഉടൻ അനുവദിക്കുക , സർക്കാർ ഹെഡ്മാസ്റ്റർമാർക്ക് ജില്ലാന്തര സ്ഥലം മാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാർച്ച്. പ്രതിഷേധ ധർണ്ണ കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന ജന.സെക്രട്ടറി ഇ.ടി.കെ.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.വി.എൽദോ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ വി.നാരായണൻ, സെക്രട്ടറിമാരായ കെ.മുഹമ്മദ് സാലിം, എസ്. .എസ് ഷൈൻ തിരുവനന്തപുരം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *