സനാതന ധര്‍മത്തിനെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍

Spread the love

ഡല്‍ഹി:സനാതന ധര്‍മത്തിനെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഹിന്ദു മതത്തിന് എതിരായല്ല തന്റെ പ്രസ്താവനയെന്നും സനാതന ധര്‍മത്തിന്റെ ജാതിവിവേചനം പോലുള്ള സമ്പ്രദായങ്ങള്‍ക്കെതിരെയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് ഇതിന്റെ സമീപ കാലത്തെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. വംശഹത്യയ്ക്കുള്ള ആക്രമണമാണെന്ന് ആരോപണം ഉയരുകയും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉദയനിധിയുടെ ഇപ്പോഴത്തെ പ്രസ്താവന. തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഉദയനിധി സ്റ്റാലിന്‍ ബുധനാഴ്ചയും ആവര്‍ത്തിച്ചു.സനാതന ധര്‍മത്തിന്റെ ഭാഗമായ ജാതിവിവേചനത്തിന് നിലവിലെ സാഹചര്യത്തില്‍ ഒരു ഉദാഹരണം നല്‍കാമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, ‘പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിക്കാത്തത് ഈ ജാതിവിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്’ എന്ന് ഉദയനിധി മറുപടി നല്‍കി.കഴിഞ്ഞ ദിവസം അധ്യാപക ദിനത്തില്‍ സനാതന ധര്‍മത്തിന്റെ ജാതിവിവേചനത്തെ സൂചിപ്പിച്ചുകൊണ്ട് ഉദയനിധി കുറിച്ചിരുന്നു. ‘എപ്പോഴും ഭാവി തലമുറയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സമാനതകളില്ലാത്ത ആളുകളാണ് അധ്യാപകര്‍. തള്ളവിരല്‍ ആവശ്യപ്പെടാതെ വിദ്യപകര്‍ന്നുനല്‍കുന്ന അധ്യാപകരും നമ്മുടെ ദ്രാവിഡ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം എക്കാലവും തുടരും’, അധ്യാപക ദിനം ആശംസിച്ചുകൊണ്ട് ഉദയനിധി എക്സില്‍ കുറിച്ചു.തന്റെ പ്രിയശിഷ്യനായ അര്‍ജുനനേക്കാള്‍ മികച്ച വില്ലാളിയാണ് ആദിവാസിയായ ഏകലവ്യനെന്ന് മനസ്സിലാക്കിയ ദ്രോണാചാര്യര്‍, വലത്തേ കൈയിലെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെടുന്ന മഹാഭാരതത്തിലെ സന്ദര്‍ഭം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *